തിരുവനന്തപുരം : വില കുറഞ്ഞ അഴിമതി ആരോപണം കൊണ്ട് പരിക്കേൽക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്‍റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ രൂക്ഷ വിമർശനമാണ് എം വി ഗോവിന്ദൻ ഉന്നയിച്ചത്. ഒരേ നുണ ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് കേരള സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.
എ ഐ ക്യാമറ സ്ഥാപിച്ചതിലൂടെ നിയമലംഘനങ്ങൾ കുറയ്‌ക്കാനായെന്ന കണക്കുകൾ പുറത്തുവന്നതോടെ പ്രതിപക്ഷം പരത്തിയ നുണക്കഥകളുടെ ആയുസൊടുങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് കരാർ നൽകിയെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടും തെളിവിന്‍റെയോ വസ്‌തുതയുടെയോ കണിക പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. രമേശ് ചെന്നിത്തല പുറത്തുവിടുന്ന രേഖകൾ പൊതു മണ്ഡലത്തിൽ ലഭ്യമായവയാണ്.
അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. അടിസ്ഥാനമില്ലാത്ത കള്ളങ്ങൾക്കെല്ലാം ആരെങ്കിലും മറുപടി നൽകണമെന്ന് വാശി പിടിക്കുന്നതിൻ്റെ സാംഗത്യമെന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. കെൽട്രോൺ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന മുൻ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു.
വിവരങ്ങൾ പുറത്തുവിടാത്തതിൽ കെൽട്രോൺ : എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ മറുപടി നൽകിയിട്ടുണ്ടെന്നും വിലവിവരങ്ങൾ നൽകാതിരിക്കുന്നതിൻ്റെ കാരണം കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെൽട്രോൺ വ്യാപാരവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തു വിടാത്തതിൽ, അത് കമ്പനിയുമായി വ്യാപാരത്തിൽ മത്സരിക്കുന്ന മറ്റു കമ്പനികൾക്ക് മത്സരത്തിൽ മുൻകൈ നൽകുന്ന അവസ്ഥയ്‌ക്ക് ഇടയാക്കുമെന്നും അതൊഴിവാക്കുന്നതിനാണ് ആ വിവരങ്ങൾ ഒഴിവാക്കിയതെന്നും കെൽട്രോൺ വിശദീകരിച്ചിട്ടുണ്ട്. കെൽട്രോൺ നൽകിയ വിശദീകരണം സാമാന്യ ബോധമുള്ളവർക്ക് മനസിലാകും.