കേരളം

kerala

ETV Bharat / state

Puthuppally Byelection| എന്‍എസ്എസുമായി ഒരു പിണക്കവുമില്ല, മത്സരിക്കുന്നത് വോട്ടിന്, വരത്തിനല്ല: എം വി ഗോവിന്ദന്‍ - സിപിഎം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് കഴിഞ്ഞ ദിവസം എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

MV Govindan on Puthuppally Byelection  MV Govindan  Puthuppally Byelection  എം വി ഗോവിന്ദന്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ്  ജെയ്‌ക് സി തോമസ്  എന്‍എസ്‌എസ്‌  എസ്‌എന്‍ഡിപി  ഓര്‍ത്തഡോക്‌സ് സഭ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  സിപിഎം  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്
എം വി ഗോവിന്ദന്‍

By

Published : Aug 14, 2023, 2:30 PM IST

എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്‍മാരെയും കാണുന്നതിനെ തിണ്ണ നിരങ്ങലായി കാണേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുപ്പളളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് കഴിഞ്ഞ ദിവസം എന്‍എസ്എസ്, എസ്എന്‍ഡിപി, ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തെരഞ്ഞെടുപ്പ് കാലത്തെ ജനാധിപത്യ മര്യാദയെന്നാണ് എം വി ഗോവിന്ദന്‍ വിശേഷിപ്പിച്ചത്.

വോട്ട് കിട്ടാനാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇത്തരം കൂടിക്കാഴ്‌ചകള്‍, അല്ലാതെ വരം ലഭിക്കാനല്ല. മിത്ത് വിവാദം അടക്കം ഉണ്ടായപ്പോള്‍ സിപിഎമ്മിനെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായെങ്കിലും എന്‍എസ്എസിന് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. അതിനാലാണ് പുതുപ്പള്ളിയില്‍ സമദൂരം എന്ന നിലപാട് പ്രഖ്യാപിച്ചത്.

സമദൂരം എന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും പലപ്പോഴും സമദൂര നിലപാടൊന്നും എന്‍എസ്എസില്‍ നിന്നുണ്ടാകാറില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്‍എസ്എസുമായെന്നല്ല ആരുമായും സിപിഎമ്മിന് പിണക്കമില്ല. പാര്‍ട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് അഭിപ്രായം പറയും. അത് ആരോടെങ്കിലുമുള്ള പിണക്കമായി കാണേണ്ട.

സമുദായ നേതാക്കളെ അടക്കം കണാനും വോട്ട് തേടാനും സ്ഥാനാര്‍ഥിക്ക് അവകാശമുണ്ട്. അതിന്‍റെ ഭാഗമാണ് ഈ കൂടിക്കാഴ്‌ചകളും. സമുദായത്തിന്‍റെ പക്കലാണ് അതിലുളളവരുടെ വോട്ട് എന്ന ചോദ്യത്തിന് മുഴുവന്‍ വോട്ടും അവരുടെ പക്കലാണെന്ന് ചിന്തയില്ലെങ്കിലും അവരുടെ പക്കലും വോട്ടുണ്ടെന്നായിരുന്നു മറുപടി. പുരോഗമനം പറയുന്ന സിപിഎം ഇത്തരത്തില്‍ സാമുദായിക നേതാക്കളുടെ പിന്നാലെ പോകുന്നത് ശരിയാണോയെന്ന ചോദ്യത്തിന് പുരോഗമന സ്വഭാവമില്ലാത്ത വോട്ടര്‍മാരും ഉണ്ടെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. അതിനാല്‍ എല്ലാവരെയും കണ്ട് വോട്ടഭ്യര്‍ഥിക്കേണ്ടിവരും. എല്ലാ വോട്ടര്‍മാരെയും കാണാനാണ് തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ തകര്‍ക്കുന്നു:കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാറും ബിജെപിയും സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യം ഉന്നയിച്ച് സെപ്‌റ്റംബര്‍ 11 മുതല്‍ ഒരാഴ്‌ച നീളുന്ന പ്രതിഷേധം 140 മണ്ഡലങ്ങളിലും സംഘടിപ്പിക്കും.

കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണ്. അര്‍ഹമായ സാമ്പത്തിക വിഹിതം നല്‍കുന്നില്ല. ആളോഹരി വിഹിതം വെട്ടി കുറച്ചതു മൂലം ലഭിക്കേണ്ട 18,000 കോടി കുറവ് വന്നു. ജി എസ് ടി നഷ്‌ടപരിഹാരം വെട്ടി കുറച്ചു. റവന്യൂ കമ്മി കുറയ്ക്കാനുള്ള ഗ്രാന്‍റ് കുറച്ചു.

കടമെടുപ്പ് പരിധിയിലും കുറവ് വരുത്തി. ഇത് കേരളത്തിലെ ജനങ്ങളെ ദൂരിതത്തിലാക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇതിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയമാണ്. ഇതിനെ നേരിടുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

രാജ്യത്താകമാനമുള്ള വിലക്കയറ്റം നല്ല രീതിയില്‍ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. വിപണിയില്‍ ഇടപെടാന്‍ പാവപ്പെട്ടവര്‍ക്ക് പണം എത്തിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചത്. ഓണം എങ്ങനെയെന്നതില്‍ ഒരു ആശങ്കയും വേണ്ട. സര്‍ക്കാര്‍ അവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details