തിരുവനന്തപുരം: നിലപാട് അനുസരിച്ച് ലോകത്താർക്കും ഇടതുപക്ഷത്തിൽ സ്പേസുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പലസ്‌തീൻ ഐക്യദാർഢ്യ സദസ്സുകളിൽ അനുകൂല നിലപാടുള്ളവർക്ക് പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് എംവി ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത് (MV Govindan On Muslim League Stand On Palestine Solidarity Rally).
പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനമാകെ വ്യാപിപ്പിക്കും. വിപുലമായ ജനകീയ മുന്നേറ്റം നടത്തും. നവംബർ 11 ന് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ വലിയ പരിപാടി നടത്തും. പലസ്‌തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുള്ള എല്ലാ വിഭാഗം ജനങ്ങളെയും ക്ഷണിച്ചു. മുസ്ലിം ലീഗിനെ ഉൾപ്പെടെ ക്ഷണിക്കുന്ന നിലപാടാണ് പാർട്ടിക്കെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുൻപ് ഏക സിവിൽ കോഡിനെതിരെ (Uniform Civil Code) ഉണ്ടായ പ്രതിഷേധത്തിലും സമാന നിലപാട് സ്വീകരിച്ചു. ഞങ്ങൾക്ക് അന്നും ഇന്നും നാളെയും ഒരേ നിലപാടാണ്. ഓരോ വിഷയം ആസ്‌പദമാക്കി നിലപാട് സ്വീകരിച്ചു. ഇ ടി മുഹമ്മദ് ബഷീർ (ET Muhammad Basheer) എന്ന ലീഗ് നേതാവിന്‍റെ നിലപാട് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു. മുദ്രാവാക്യത്തോട് താല്‍പര്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി (P K Kunhalikutty) തന്നെ വ്യക്തമാക്കി. കോൺഗ്രസിന്‍റെ വിലക്കാണ് ലീഗിന് തടസ്സം. സാമ്രാജ്യത്ത പ്രതിഷേധങ്ങൾക്ക് കോൺഗ്രസിന് താത്പര്യമില്ല. പലസ്തീൻ അനുകൂല ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് നോട്ടീസ് കൊടുത്തു. ലീഗുകാർ പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വിശാലമായ കാഴ്‌ചപ്പാടിൽ മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.