തിരുവനന്തപുരം:സിപിഎം നേതൃത്വത്തില്‍ ഇപ്പോഴുള്ളതിൽ ഏറ്റവും മുതിര്‍ന്ന നേതാക്കളിൽ ഒരാളാണ് എംവി ഗോവിന്ദൻ. വിദ്യാർഥി രാഷ്‌ട്രീയത്തിൽ തുടങ്ങിയ സിപിഎമ്മിന്‍റെ ഏറ്റവും ഉന്നത കമ്മിറ്റിയായ കേന്ദ്ര കമ്മിറ്റി വരെ എത്തിയ ഗോവിന്ദൻ പ്രസ്‌താവനകളിലെ പക്വതകൊണ്ടും നയങ്ങളിലെ വ്യക്തത കൊണ്ടും എന്നും അടിമുടി കമ്യൂണിസ്റ്റായിരുന്നു. കോടിയേരി നേരത്തെ അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയപ്പോൾ പാർട്ടി സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഗോവിന്ദൻ മാസ്റ്ററായിരുന്നു.
തുടക്കം ബാലസംഘത്തിലൂടെ:കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23 ന് കുഞ്ഞമ്പുവിന്‍റെയും മാധവിയമ്മയുടെയും മകനായാണ് ജനനം. ബാലസംഘത്തിന്‍റെയും ലൈബ്രറി പ്രസ്ഥാനത്തിന്‍റെയും പ്രവർത്തകനായിരുന്ന അദ്ദേഹം കെഎസ്‌എഫ് അംഗവും കണ്ണൂർ ജില്ല യൂത്ത് ഫെഡറേഷന്‍റെ ഭാരവാഹിയുമായിരുന്നു. ഡിവൈഎഫ്‌ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയന്‍റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്‍റെ ദേശീയ വൈസ് പ്രസിഡന്‍റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, സിപിഎം കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
നാല് മാസം ജയിലില്‍:അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി. മികച്ച നിയമസഭ സാമാജികനായും പേരെടുത്ത എംവി ഗോവിന്ദൻ ഇടവേളയ്‌ക്ക് ശേഷമാണ് ഇപ്പോൾ മത്സരിച്ചതും വിജയിച്ച് മന്ത്രിയായതും. ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുധ്യാത്മക ഭൗതികവാദം, സ്വതന്ത്ര രാഷ്‌ട്രീയം, ചൈന ഡയറി, യുവജന പ്രസ്ഥാനത്തിന്‍റെ ചരിത്രം - ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, പ്രത്യയശാസ്‌ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ - അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്‌സിസ്റ്റ് ദർശനം - ഇന്ത്യൻ പശ്ചാത്തലത്തിൽ, എന്നിങ്ങനെ നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.
ALSO READ|കണ്ണൂരില്‍ നിന്ന് വീണ്ടുമൊരു ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്