MV Govindan criticize Congress തിരുവനന്തപുരം:ബിജെപിയെ എതിർക്കാൻ ശേഷിയില്ലാത്ത പ്രാദേശിക പാർട്ടിയായി കോൺഗ്രസ് ചുരുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ നിന്നല്ല ബിജെപിക്കെതിരെയാണ് രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു. രാജസ്ഥാനിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിക്ക് വോട്ട് കൊടുത്തു. കോൺഗ്രസിന് രാഷ്ട്രീയവും സംഘടനാപരവുമായ പരാജയം ഉണ്ടായി. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽപ്രദേശ് മാത്രമാണ് കോൺഗ്രസിനുള്ളത്.
കോൺഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് ഒരു ബദൽ രാഷ്ട്രീയം മുന്നോട്ടുവക്കാതെ ബിജെപിക്ക് ബദൽ ആകാൻ പറ്റില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെലങ്കാനയിൽ എംഎൽഎമാരെ സംരക്ഷിച്ച് നിർത്താൻ ആകുമോയെന്ന് കണ്ടറിയണം.
ബിജെപി തികഞ്ഞ വർഗീയതയിലേക്ക് മാറി. ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിർക്കുന്ന നയം മുന്നോട്ടുവക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മൃദു ഹിന്ദുത്വം വച്ചുകൊണ്ട് ബിജെപിയെ നേരിടാനാകില്ല.
കോൺഗ്രസിന്‍റെ സംഘടനാപരമായ ദൗർബല്യം അങ്ങേയറ്റമാണ്. ഒറ്റയ്ക്ക് ജയിക്കാം എന്നായിരുന്നു കോൺഗ്രസ് തിയറി. കനഗോലു സിദ്ധാന്തമാണിത്. രാമന് പകരം ഹനുമാനെ വെച്ചാണ് കോൺഗ്രസ് പ്രചരണം.
ഇന്ത്യ മുന്നണിയുടെ ഭാഗമായി ഐക്യം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. രാജസ്ഥാനിൽ 50 ശതമാനത്തിൽ താഴെ വോട്ടാണ് ബിജെപിക്ക് കിട്ടിയത്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ചിത്രം മാറിയേനെ.
ഇന്ത്യ മുന്നണിയുടെ നേതൃത്വപരമായ പങ്ക് പോലും നിർവഹിക്കാൻ കഴിയാത്ത തരത്തിൽ കോൺഗ്രസ് തകർന്നു. ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റ് ആയി എടുക്കണം. ഓരോ സംസ്ഥാനത്തും ശക്തിയുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടികളുമായി ചേരണം. ഇല്ലെങ്കിൽ കോൺഗ്രസിന് വലിയ ആപത്ത് നേരിടേണ്ടി വരും.
'രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപിക്കെതിരെ': വയനാട്ടിൽ രാഹുൽ മത്സരിക്കണമോ എന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. മത്സരിക്കരുതെന്ന് അപേക്ഷിക്കുന്നില്ല. ബിജെപിക്കെതിരെയാണ് രാഹുൽ മത്സരിക്കേണ്ടത്.
സാമാന്യ മര്യാദ ഉള്ളവർക്കറിയാം രാഹുൽ ഗാന്ധി ഇവിടെ അല്ല മത്സരിക്കേണ്ടതെന്ന്. ബിജെപി കേരളത്തിൽ പ്രധാന ശക്തിയുമല്ല, ഒരു സീറ്റ് പോലും കിട്ടുന്ന പാർട്ടിയുമല്ല. അങ്ങനെയുള്ള സംസ്ഥാനത്തിലാണോ ബിജെപിയെ തോൽപ്പിക്കാൻ മത്സരിക്കേണ്ടത്, അതോ ബിജെപിക്ക് സ്വാധീനമുള്ള സ്ഥലത്ത് മത്സരിക്കണോ എന്നു ചിന്തിക്കണം.
ലീഗിനെ ഇടത് മുന്നണിയിലേക്ക് കൊണ്ടുവരുന്നത് സിപിഎം അജണ്ടയിൽ ഇല്ല. പൊതു പ്രശ്‌നങ്ങളിൽ ഒന്നിക്കുന്നതിൽ മുന്നണി രാഷ്ട്രിയവുമായി ബന്ധമില്ല. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിൽ മറ്റ് സംസ്ഥാനങ്ങളെ പോലെ മിസോറാമിനെ കാണേണ്ടെന്നും എക്‌സിറ്റ് പോളുകൾ ശരിയായ വിലയിരുത്തൽ അല്ലെന്ന് തെളിയിക്കപ്പെട്ടുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് 50 ശതമാനം വോട്ടില്ല. ദേശീയാടിസ്ഥാനത്തില്‍ ആകെ അവര്‍ക്കുള്ള വോട്ട് 37 ശതമാനമാണ്. അതിനർഥം രാജ്യത്തെ 63 ശതമാനം ആളുകള്‍ ബിജെപി വിരുദ്ധരാണെന്നാണ്. രാജ്യത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ് ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.