തിരുവനന്തപുരം :സ്‌ത്രീപീഡകരും ബിജെപി സർക്കാരുകളും തമ്മിലുള്ള ബന്ധമാണ് ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതി വിധിന്യായത്തിലൂടെ തുറന്നു കാണിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan on bilkis bano case Supreme court verdict). സുപ്രീം കോടതിയിൽ നിന്ന് ഇത്രയും വലിയ കുറ്റപ്പെടുത്തൽ ഉണ്ടായിട്ടും മോദിയും അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. പ്രതികളെ തിരിച്ച് ജയിലിൽ അടക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കപ്പെടുമോയെന്ന് കണ്ടറിയണമെന്നും എം വി ഗോവിന്ദൻ സിപിഎം മുഖപത്രത്തിൽ എഴുതിയ പ്രതിവാര പംക്തിയിൽ പറഞ്ഞു.
നാരീശക്തിയെന്തെന്ന് കേന്ദ്ര ഭരണനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ വിധി. സ്‌ത്രീകളെ ക്രിമിനലുകളിൽ നിന്ന് മാത്രമല്ല, ക്രിമിനലുകളെ സംരക്ഷിക്കുന്ന ബിജെപിയിൽ നിന്നും സംരക്ഷിക്കേണ്ട ബാധ്യത പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന്‍റെ കടമയാണ്. വിചാരണ കോടതി ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.
തുക നൽകാത്ത സാഹചര്യത്തിൽ അധിക ശിക്ഷ അനുഭവിക്കാൻ പ്രതികൾ ബാധ്യസ്ഥരായിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് പ്രതികൾ 14 വർഷം ശിക്ഷ അനുഭവിച്ചുവെന്ന ന്യായത്തിൽ ശിക്ഷ ഇളവ് നൽകിയത്. ഇളവ് ലഭിച്ചു പുറത്തുവന്ന പ്രതികളെ വീര യോദ്ധാക്കളെ പോലെ സ്വീകരിച്ച നടപടിയിൽ എന്താണ് തെറ്റ് എന്ന് വാദിക്കുന്നിടം വരെയെത്തി ഗുജറാത്ത് സർക്കാരിന്‍റെ ക്രിമിനലുകളോടുള്ള കൂറെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.