വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകാൻ കാരണം എകെ ആന്‍റണിയുടെ ഇടപെടല്‍ : എം വി ഗോവിന്ദന്‍ തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിർമ്മാണം (Vizhinjam International Seaport) വൈകാൻ കാരണം എകെ ആന്‍റണിയുടെ ഇടപെടലെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ആന്‍റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കൺസോർഷ്യത്തിന് ചൈനീസ് കമ്പനി പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. നായനാർ സർക്കാരിന്‍റെ കാലത്തായിരുന്നു വിഴിഞ്ഞത്ത് തുറമുഖം എന്ന ആശയം ഉടലെടുത്തത്.
പിന്നീടുവന്ന വിഎസ് അച്യുതാനന്ദൻ സർക്കാരാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചത്. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്ന ഒക്ടോബർ 15ന് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രാദേശിക തലത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശിക തലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരത്തേ ധാരണയുള്ളതായും വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഇരുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി സി പി എം ഏരിയ തലത്തിൽ ഒക്ടോബർ 30 വരെ ജനസദസ്സുകൾ സംഘടിപ്പിക്കും.
അതേസമയം ഹമാസിനെതിരായ പാർട്ടി നിലപാടിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല. ഹമാസ് ഭീകര സംഘടനയാണെന്ന സിപിഎം നേതാവ് കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇസ്രയേൽ സർക്കാരിന്‍റെ പരിപൂർണമായ സംരക്ഷണയിലാണ് അധിനിവേശമുണ്ടായതെന്ന് എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ഇതിന്‍റെ പരിണിത ഫലമാണ് ഹമാസിന്‍റെ ആക്രമണം. എന്നാല്‍ ഹമാസ് നടത്തിയ അക്രമം പ്രശ്നത്തിന് പരിഹാരമല്ലെന്നുമായിരുന്നു ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്‍റെ മറുപടി. വിഎസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാളിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകത്തിന്‍റെ പ്രകാശനം നടക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മറ്റ് ആഘോഷ പരിപാടികളൊന്നും ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.