സിപിഎംസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുവനന്തപുരം:കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും പിടിവാശിയും ഭരണത്തിന്‍റെ വേഗതയെ കാര്യമായി ബാധിക്കുന്നുണ്ട്. തലസ്ഥാനത്ത് നവകേരള കാലത്തെ ഭരണ നിര്‍വഹണം എന്ന വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ തലത്തില്‍ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ലെന്നത് ഗ്യാരണ്ടിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ അതല്ല സ്ഥിതിയെന്നും അഴിമതി ഇപ്പോഴും തുടരുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സാധാരണക്കാരന് ന്യായമായത് പോലും ചെയ്യാന്‍ മടിക്കുകയാണ്. ഇതിന്‍റെ ഫലമായി ഭരണത്തിന് വേഗം കിട്ടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഫയല്‍ നീക്കത്തിലെ വേഗത കുറവ് പലപ്പോഴും ചൂണ്ടി കാണിച്ചതാണ്. എന്നാല്‍ താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ മുതലുള്ളവരില്‍ ഇതില്‍ അനാസ്ഥ കാണിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇതു കാരണം സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തലത്തിലുള്ള സര്‍വതല സ്‌പര്‍ശിയായ നടപടികള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. അഴിമതിയുടെ പ്രശ്‌നം കൈകാര്യം ചെയ്‌തല്ലാതെ മുന്നോട്ടു പോകാന്‍ ആകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറാന്‍ തയാറാകണം. ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ഇത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നില്ല. എന്നാല്‍ കുറയ്ക്കാന്‍ കഴിയണം. എങ്കില്‍ മാത്രമെ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുകയുള്ളൂ. താന്‍ മന്ത്രിയായിരുന്നപ്പോഴത്തെ അനുഭവം വച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ പാവപ്പെട്ട ഒരാള്‍ക്ക് വീട് നല്‍കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ഒരിഞ്ച് കൂടിയെന്ന പേരില്‍ നമ്പര്‍ കൊടുക്കാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ഗവേഷണം നടത്തിയത്.
പാവപ്പെട്ടവന്‍റെ വീടിന് നമ്പര്‍ കൊടുക്കാന്‍ ഒരു സെന്‍റീമീറ്റര്‍ കണക്ക് പറഞ്ഞ് തടസം നില്‍ക്കരുതെന്ന നിര്‍ദേശം നല്‍കിയപ്പോള്‍ മന്ത്രിക്ക് പറഞ്ഞാല്‍ മതിയല്ലോ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. അവിടെ നിയമ കാര്യങ്ങളാണ് പറയുന്നത്. എന്നാല്‍ പ്രമാണിയായ ഒരാള്‍ എത്ര നിയമം ലംഘിച്ചാലും അത് നേടിയെടുക്കാന്‍ കഴിയും. സംസ്ഥാനത്തെ ഇത്തരം സമീപങ്ങളില്‍ മാറ്റം വരണം. ന്യായമായ കാര്യം കോടതി പറഞ്ഞാലും കൊടുക്കാന്‍ മനസില്ലാത്തവര്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവുമായി നടപടിക്ക് വന്ന ഒരാളോട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് സുപ്രീംകോടതിയില്‍ പോകാനാണ്. നിയമപരമായി നല്‍കേണ്ടതാണെങ്കിലും നല്‍കില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ പ്രതികരണം. ഇത് ഭരണ നിര്‍വഹണത്തിന്‍റെ ഭാഗം തന്നെയാണ്. ഇത് മാറ്റാന്‍ ആവശ്യമായ ഇടപെടലാണ് ആവശ്യം. ഇതിന് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതുമൂലം അഞ്ച് വര്‍ഷം വരെ അടയിരുന്ന ഫയലുകളില്‍ നടപടികള്‍ ഉണ്ടായിട്ടുണ്ട്.
ഇതില്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിന് ഉദ്യോഗസ്ഥ തലത്തില്‍ തന്നെ മനംമാറ്റം വരണം. സര്‍ക്കാറിന് പാവങ്ങളോടാണ് കൂറ്. അത് പരിപാലിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകിരിക്കുക തന്നെ ചെയ്യുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.