തിരുവനന്തപുരം :മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇത് കൂടാതെ മരമുറിക്ക് ഭൂ ഉടമകള്‍ അനുമതി നല്‍കിയതുള്‍പ്പെടെയുള്ള രേഖകളെല്ലാം വ്യാജമാണെന്ന ശാസ്‌ത്രീയ ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ കുറ്റപത്രം നല്‍കുന്നതിനുള്ള പൊലീസിന്‍റെ തടസങ്ങൾ നീങ്ങി. ഉടന്‍ തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് താനൂര്‍ ഡിവൈഎസ്‌പി നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങള്‍ മുറിച്ചു മാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്‍റെ മറവിലാണ് 300 വര്‍ഷങ്ങളിലധകം പഴക്കമുളള മരങ്ങള്‍ വയനാട്ടിലെ മുട്ടിലില്‍ നിന്ന് മുറിച്ചു മാറ്റിയത്. റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് മരം കൊളളയ്‌ക്ക് പുറകിൽ പ്രവർത്തിച്ചത്. 300 വര്‍ഷങ്ങളില്‍ പഴക്കമുള്ള മരങ്ങളെ രാജകീയ മരങ്ങളായാണ് പരിഗണിക്കുന്നത്.
ഇത്തരത്തില്‍ 500 വര്‍ഷം വരെ പഴക്കമുള്ള മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പീച്ചി വനഗവേഷണ കേന്ദ്രമാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഇതിനുസരിച്ച് 12 മരങ്ങള്‍ 300 വര്‍ഷത്തിലധികം പഴക്കമുളളതും ഒൻപത് മരങ്ങള്‍ 400 വര്‍ഷത്തിനും മൂന്ന് മരങ്ങള്‍ 500 വര്‍ഷത്തിലധികവും പഴക്കമുള്ളവയുമാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പരിശോധന ഫലം പൊലീസിന് ലഭിച്ചിരിക്കുന്നത്.
കേസിനാസ്‌പദമായ സംഭവം : പരിശോധന ഫലം വൈകിയതിനെ തുടര്‍ന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയായിരുന്നു. മുട്ടില്‍ വന മേഖലയില്‍ നിന്ന് ആദിവാസികളുടെ പട്ടയ ഭൂമിയില്‍ നിന്നടക്കമാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. വയനാട്ടില്‍ നിന്നും മരങ്ങള്‍ പെരുമ്പാവൂരിലെ ഡിപ്പോയിലെത്തിച്ച് അവിടെ നിന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പ് പിടികൂടിയത്. പട്ടയ ഭൂമിയില്‍ നിന്ന് മരമുറിക്കുന്നതിന് ഭൂ ഉടമകളുടെ അനുമതിയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം.
ഇതിനായി ഭൂ ഉടമകളുടെ അനുമതി നല്‍കിയ കത്തുകളും പ്രതികള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അനുമതി പത്രങ്ങളെല്ലാം വ്യാജമാണെന്നാണ് ശാസ്‌ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു അനുമതി രേഖയും നല്‍കിയിട്ടില്ലെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂ ഉടമകള്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് ശാസ്‌ത്രീയ പരിശോധന ഫലം.
രേഖകളും വ്യാജം :അനുമതി പത്രങ്ങളെല്ലാം പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങൾ വ്യാജമായി നിര്‍മിച്ചവയാണ്. പ്രധാന പ്രതിയായ റോജി അഗസ്റ്റിന്‍റെ കൈപ്പടയാണ് രേഖകളിലുളളതെന്നാണ് കണ്ടെത്തെല്‍. ഇത് കൂടി ലഭിച്ചതോടെ സര്‍ക്കാറിന് കോടികളുടെ നഷ്‌ടമുണ്ടാക്കാനൂള്ള ഗൂഢാലോചന എന്ന കേസ് കൂടി ശക്തമാവുകയാണ്. 19 കേസുകളാണ് മരം മുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ ഏഴ് കേസുകളില്‍ മാത്രമാണ് ഇതുവരെ കുറ്റപത്രം നല്‍കിയത്.
അന്വേഷണ സംഘ തലവന്‍ ഡിവൈഎസ്‌പി വിവി ബെന്നി നിലവില്‍ താനൂര്‍ ബോട്ടപകട കേസിന്‍റെ അന്വേഷണത്തിലാണ്. ഇത് പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെ തന്നെ മുട്ടില്‍ കേസിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് നിലവിലെ തീരുമാനം.