തിരുവനന്തപുരം :വയനാട്മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതുസംബന്ധിച്ച് വനം വകുപ്പിന് അന്വേഷണം നടത്താന്‍ കഴിയുമോ എന്നറിയില്ലെന്നും ഇതിന്‍റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വനം മന്ത്രിയായ ശേഷം കേസിലെ പ്രതികളെ കണ്ടിട്ടില്ല. വനം മന്ത്രിയാകുന്നതിന് മുമ്പ് കണ്ടിട്ടുണ്ട്. മാംഗോ മൊബൈലിന്‍റെ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഒരു തവണ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നതെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ:മുട്ടില്‍ മരം മുറിക്കേസ്; ഡി.എഫ്.ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി
മരം മുറി കേസിലെ അന്വേഷണ സംഘത്തെ മാറ്റിയതായി അറിയില്ല. ഡി.എഫ്.ഒ ധനേഷ്‌കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത് പരിശോധിക്കും. താന്‍ വനം വകുപ്പിന്‍റെ ചുമതലയല്ലാത്ത കാലത്തെ സംഭവം വച്ച് തന്നെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയാണ്.
വനം ഭൂമിയില്‍ നിന്ന് ഒരു മരവും നഷ്ടമായിട്ടില്ല. റവന്യൂ ഭൂമിയില്‍ നിന്നാണ് പോയിട്ടുള്ളത്. ഇതില്‍ വനം വകുപ്പിന്‍റെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ ഉറപ്പായും നടപടി സ്വീകരിക്കും. ഇപ്പോള്‍ നടക്കുന്നത് വനം വകുപ്പിനെ ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്നും എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.