തിരുവനന്തപുരം:മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധത്തില്‍ ലത്തീന്‍ രൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസടുത്ത സര്‍ക്കാര്‍ നടപടി തീരദേശ ജനതയോടുള്ള സര്‍ക്കാരിന്‍റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിമാരാണ് ഇന്നലെ അവിടെ ചെന്ന് പ്രകോപനമുണ്ടാക്കിയത്. മുതലപ്പൊഴി മരണപ്പൊഴിയാണെന്നും അതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിലൂടെ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയ നോട്ടിസില്‍ മറുപടി പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇക്കാര്യത്തില്‍ പെട്ടന്നുതന്നെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുതലപ്പൊഴിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ചെറുവിരലനക്കാന്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. മുതലപ്പൊഴിയില്‍ ഇന്നലെ ഒരു മത്സ്യത്തൊഴിലാളി മരണമടയുകയും നാലുപേരെ കാണാതാകുകയും ചെയ്‌തത് അവിടെ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
'മന്ത്രിമാര്‍ പ്രകോപനപരമായി സംസാരിച്ചു':60ല്‍ അധികം പേര്‍ ഇതിനകം മുതലപ്പൊഴിയില്‍ സര്‍ക്കാര്‍ അനാസ്ഥമൂലം കൊലചെയ്യപ്പെട്ടു. തീരദേശ ജനത മുഖ്യമന്ത്രിമാരോടും ജനപ്രതിനിധികളോടും ഇതിന് മുന്‍പും വൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍ മന്ത്രിമാര്‍തന്നെ പ്രകോപനപരമായി സംസാരിക്കുകയും വികാരി ജനറലിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്‌തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
മാത്രമല്ല, വിഴിഞ്ഞം സമരത്തെ ഇതുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. 140 ദിവസത്തെ വിഴിഞ്ഞം സമരം പരാജയപ്പെട്ടതിലുളള വിരോധം തീര്‍ക്കാനാണ് മന്ത്രിമാരെ തടഞ്ഞതെന്ന പ്രസ്‌താവനയും പ്രതിഷേധാര്‍ഹമാണ്. തീരജനതയുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരം പരാജയപ്പെട്ടെന്ന മന്ത്രിമാരുടെ പ്രഖ്യാപനവും തീരദേശ ജനതയോടുള്ള വെല്ലുവിളിയാണ്.