തിരുവനന്തപുരം: തീരപ്രദേശത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു. മുതലപ്പൊഴിയില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം. മഹിള കോൺഗ്രസിന്‍റെ ജില്ല പ്രസിഡന്‍റ് ജോളി വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. മന്ത്രിമാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് സംഘർഷം ഒഴിവായതെന്നും അവിടെ പ്രശ്‌നമുണ്ടാക്കാൻ മൂന്നോ നാലോ പേർ ശ്രമിച്ചെന്നും ആന്‍റണി രാജു ആരോപിച്ചു.
യൂജിൻ പെരേരയ്ക്ക് എതിരെ കേസെടുത്തതിലും മന്ത്രി പ്രതികരിച്ചു. ലോക്കൽ പൊലീസിന് അവരുടെ ജോലി ചെയ്യുന്നതിന് സ്വാതന്ത്ര്യമുണ്ട്. തങ്ങൾ പരാതി കൊടുത്തിട്ടില്ല. കോൺഗ്രസ് നേതാക്കൾ ദൂരസ്ഥലങ്ങളിൽ നിന്നും അവിടെ എത്താൻ കാരണം പൊലീസ് അന്വേഷിക്കണം. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരാൻ എത്തിയ തങ്ങളെ തടയാന്‍ കോൺഗ്രസുകാർ എന്തിനാണ് അവിടെ എത്തിയത്. അവിടെ ക്രമസമാധാന നില തകർന്നിരുന്നെങ്കിൽ തങ്ങൾ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നേനെ. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ദുരന്തത്തെ വിറ്റ് കാശാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു':മുതലപ്പൊഴി ഹാർബർ നിർമാണം ആരുടെ കാലത്താണ് നടന്നതെന്ന് എല്ലാവർക്കും അറിയാം. അവിടെ ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം പഠിക്കുകയാണ്. അതിന്‍റെ പരിഹാരം ത്വരിതപ്പെടുത്തൻ നടപടി സ്വീകരിക്കും. ദൗത്യം പൂർത്തിയാക്കിയാണ് തങ്ങൾ മടങ്ങിയത്. തീരദേശത്ത് കോൺഗ്രസ് നേരിടുന്ന അപചയം മറയ്ക്കാനാണ് ശ്രമിക്കുന്നത്. ദുരന്തത്തെ വിറ്റ് കാശാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. അപകടം ഉണ്ടായപ്പോൾ ഒഴിഞ്ഞ് മാറിയില്ല. രക്ഷാപ്രവര്‍ത്തനങ്ങളെ ഇകഴ്ത്താനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം, അപാകത ചൂണ്ടിക്കാട്ടി:വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌ത മുതലപ്പൊഴി സന്ദര്‍ശിച്ച മൂന്ന് മന്ത്രിമാര്‍ക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജിആര്‍ അനില്‍ എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടയുകയായിരുന്നു. ഇവിടുത്തെ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുണ്ടായത്.