തിരുവനന്തപുരം: മുതലപ്പൊഴിയിൽ നാളെ(ഓഗസ്റ്റ് 1) രാവിലെ ലോങ് ബൂം ക്രെയിൻ എത്തിച്ച് പാറകൾ മാറ്റാൻ അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയതായി മന്ത്രി സജി ചെറിയാൻ. എക്‌സ്‌കവേട്ടേഴ്‌സ് എത്തിച്ച് മണൽ മാറ്റും. ഡ്രെഡ്‌ജർ എത്തിക്കാൻ കാലാവസ്ഥയുടെ പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധികൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമാകുന്നത് പരിഗണിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അടിയന്തരമായി ഡ്രെഡ്‌ജർ സ്ഥലത്ത് എത്തിച്ച് ഡ്രെഡ്‌ജിങ് പണികൾ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഡ്രെഡ്‌ജർ എത്തിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽ നീക്കം ആരംഭിക്കും. ഹാർബറിങ് വിഭാഗത്തിന്‍റെ പൂർണമായ സാന്നിധ്യം ഇതിനായി മുതലപ്പൊഴിയിൽ വരും ദിവസങ്ങളിൽ ഉണ്ടാകും. മുതലപ്പൊഴിയിൽ അപകട സാഹചര്യത്തിൽ അടിയന്തര സേവനത്തിനായി 24 മണിക്കൂറും 8 മണിക്കൂർ ഷിഫ്റ്റിൽ 10 പേരെ വീതം നിയോഗിക്കും.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് തന്നെ മുങ്ങൽ വിദഗ്‌ധരായ 30 പേരെ ഇതിനായി നിയോഗിക്കും. 6 ഹൈമാസ് ലൈറ്റ് അടിയന്തരമായി മുതലപൊഴിയിൽ സ്ഥാപിക്കും. അപകടമുണ്ടായാൽ റെസ്‌ക്യു പ്രവർത്തനങ്ങൾക്കായി 3 ബോട്ടിന്‍റെയും ആംബുലൻസിന്‍റെയും സേവനം 24 മണിക്കൂർ ലഭ്യമാക്കും.
പൊഴിയിലേക്ക് പോകുന്ന റോഡ് അടിയന്തരമായി പണികൾ പൂർത്തിയാക്കുമെന്ന് അറിയിച്ച മന്ത്രി ഇത് പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അദാനി ഗ്രൂപ്പ് പ്രതിനിധികളെ അറിയിച്ചതായും വ്യക്തമാക്കി. മത്സ്യത്തൊഴിലാളി പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുതലപ്പൊഴി അടയ്‌ക്കണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.