തിരുവനന്തപുരം : ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം. സ്വയം നിരീക്ഷണം എന്നത് വീട്ടില്‍ നിന്ന് പുറത്തുപോയി രോഗം വ്യാപിപ്പിക്കാനുള്ളതല്ല. കര്‍ശന ക്വാറന്‍റൈന്‍ ആരോഗ്യവകുപ്പ് നടപ്പാക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
ഇനിയുള്ള ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോണില്‍ നിന്ന് രക്ഷ നേടാന്‍ സ്വയം ജാഗ്രത വേണം. കൂടുതല്‍ പരിശോധനകള്‍ നടത്തും. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 20% പേരെ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതീവ ജാഗ്രതവേണം, ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമെന്നും ആരോഗ്യമന്ത്രി ALSO READ:രാജ്യത്ത് 309 പേർക്ക് കൂടി ഒമിക്രോൺ; രോഗബാധിതരുടെ എണ്ണം 1,270 ആയി
സെന്‍റിനല്‍ സര്‍വൈലന്‍സ് നടത്തുന്നുണ്ട്. ജിനോമിക് സര്‍വയലന്‍സ് സാമ്പിളുകള്‍ എല്ലാ ജില്ലയില്‍ നിന്നും എടുക്കുന്നുണ്ട്. സമൂഹവ്യാപനം നടന്നോ എന്നറിയാനാണിത്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൊവിഡ് ക്ലസ്റ്ററുകളില്‍ നിന്നയച്ചതില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യാത്രാ പശ്ചത്തലമില്ലാത്ത രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതുവത്സരാഘോഷം ജാഗ്രതയോടെ വേണം. ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല. അതുണ്ടാവാതിരിക്കാനാണ് ശ്രമം. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്നത് സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.