കൊവിഡ് മരണം സംഭവിച്ചവരുടെ മതാചാര പ്രകാരമുള്ള സംസ്കാരം; ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി മുസ്‌ലിം ലീഗ് - ഇ ടി മുഹമ്മദ് ബഷീർ എം.പി
മൃതദേഹങ്ങൾ സംസ്‌കാരത്തിന് മുമ്പ് കഴുകി വൃത്തിയാക്കുക, മതാചാരപ്രകാരം വെള്ള വസ്ത്രം ധരിപ്പിക്കുക, സംസ്‌കാരത്തിന് മുമ്പ് മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അവസരം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് ലീഗ് മുന്നോട്ട് വെച്ചത്
തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം.പി. മൃതദേഹങ്ങൾ സംസ്‌കാരത്തിന് മുമ്പ് കഴുകി വൃത്തിയാക്കുക, മതാചാരപ്രകാരം വെള്ള വസ്ത്രം ധരിപ്പിക്കുക, സംസ്‌കാരത്തിന് മുമ്പ് മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അവസരം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് ലീഗ് മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കാമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉറപ്പ് നൽകിയതായും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ.