തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ മ്യൂസിയം ജങ്‌ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് ഒരുമാസത്തിലേറെ (Museum Junction Traffic Signal Complaint). ഇതോടെ ഇതുവഴി കടന്നു പോകുന്ന വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും റോഡ് മുറിച്ച് കടക്കാന്‍ വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുകയാണ്. ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കെഎസ്ഇബി (KSEB) കേബിൾ കണക്‌ടിവിറ്റിയില്‍ ഉണ്ടായ തകരാറാണ് നിലവിലെ പ്രശ്‌നത്തിന് കാരണമെന്ന് സ്‌മാർട്ട് സിറ്റി (Smart City) അധികൃതർ പറയുന്നു.
സിഗ്നൽ തകരാർ മൂലം ബേക്കറി ജങ്‌ഷനിൽ നിന്നും നന്ദാവനം റോഡ് വഴി മ്യൂസിയം ജങ്‌ഷനിൽ എത്തുന്ന വാഹനങ്ങളും എംജി റോഡ്, എൽ എം എസ് വഴി മ്യൂസിയം ജങ്‌ഷനിൽ എത്തുന്ന വാഹനങ്ങളും കവടിയാർ, വെള്ളയമ്പലം, ശാസ്‌തമംഗലം ഭാഗത്ത് നിന്ന് മ്യൂസിയം ജങ്‌ഷനിൽ എത്തുന്ന വാഹനങ്ങളും നന്നേ പാടുപെട്ടാണ് റോഡ് മുറിച്ചു കടക്കുന്നത്. എകദേശം ഒരു മാസത്തോളം ആയി ഈ ദുരിതം തുടങ്ങിയിട്ട്. ട്രാഫിക് ലൈറ്റുകൾ കണ്ണടച്ചതോടെ ഒരു ശ്രദ്ധയും ഇല്ലാതെയാണ് വാഹനങ്ങൾ സിഗ്നൽ മറികടക്കുന്നത്. കഷ്‌ടിച്ചും ഭാഗ്യം കൊണ്ടുമാണ് അപകടങ്ങളിൽ നിന്നും വാഹന യാത്രക്കാർ പലപ്പോഴും രക്ഷപ്പെടുന്നത്. ഗതാഗത നിയന്ത്രണത്തിന് ഒരു ട്രാഫിക് പൊലീസ് മാത്രമാണ് മ്യൂസിയം ജങ്‌ഷനിലുളളത് (Traffic Signal Museum Junction).