തിരുവനന്തപുരം: മ്യൂസിയത്ത് പ്രഭാത നടത്തത്തിനെത്തിയ യുവ വനിത ഡോക്‌ടറെ ലൈംഗികമായി ആക്രമിച്ച സംഭവം തിരുവനന്തപുരം സിറ്റി പൊലീസിനെ വലച്ചത് കുറച്ചൊന്നുമല്ല. അക്രമിയുടെ മുഖം കൃത്യമായി പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് പൊലീസിന് പിന്നെയും പണിയായി. പക്ഷെ പരാതിക്കാരി നിരന്തരം സംഭവത്തിന് പിന്നാലെ നിലയുറപ്പിച്ചപ്പോള്‍ പൊലീസിന് ഉഴപ്പാന്‍ കഴിയാതെയായി.
അങ്ങനെയാണ് പൊലീസില്‍ സബ് ഇന്‍സ്‌പെക്‌ടറായി വിരമിച്ച എ ആര്‍ അജിത് കുമാറിന് സിറ്റി ഡിസിപി അജിത്കുമാറിന്‍റെ വിളിയെത്തുന്നത്. മുന്‍പും ഇതുപോലുള്ള അന്വേഷണങ്ങളില്‍ പ്രതികളെ കണ്ടെത്താന്‍ സഹായകമായ രേഖാചിത്രങ്ങള്‍ അജിത് സര്‍വീസിലുള്ളപ്പോള്‍ വരച്ചുനല്‍കിയിരുന്ന അനുഭവം കണക്കിലെടുത്തായിരുന്നു വിളി. സന്തോഷപൂര്‍വം ദൗത്യം ഏറ്റെടുത്ത അജിത് കുമാര്‍ സിറ്റി പൊലീസ് ആസ്ഥാനത്തെത്തി.
യുവ വനിത ഡോക്‌ടറെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതയുടെ രേഖാചിത്രം വരച്ച മുന്‍ പൊലീസ് ഉദ്യാഗസ്ഥന്‍ ചിത്രം തയ്യാറാക്കി നല്‍കിയപ്പോള്‍ പരിഹാസ ട്രോളുകള്‍ സാമൂഹിക മാധ്യമ ഇടങ്ങളില്‍ നിറഞ്ഞു. എന്നാല്‍ അജിത്തിനെ പരിഹസിച്ചവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും. പൊലീസിലെത്തും മുന്‍പേ ആര്‍ട്ടിസ്റ്റ് ആയിരുന്നെങ്കിലും, സര്‍വീസില്‍ കേറിയ ശേഷം അജിത് കുമാര്‍ 2007ലാണ് ഒരു പ്രതിയുടെ രേഖാചിത്രം ആദ്യമായി തയ്യാറാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന് കീഴിലെ ഒരു കവര്‍ച്ച കേസിലെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടപ്പോഴായിരുന്നു അത്. വേഗത്തില്‍ പ്രതിയെ കണ്ടെത്താന്‍ അന്ന് രേഖാചിത്രം തയ്യാറാക്കുകയും അതിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്‌തു. ഇതറിഞ്ഞ മേലധികാരികള്‍ പിന്നീട് അജിത്തിന്‍റെ സഹായം തേടുന്നതും പതിവായി.
പേരൂര്‍ക്കടയ്ക്കടുത്ത് അമ്പലംമുക്കില്‍ ചെടിക്കടയിലെ വനിത ജീവനക്കാരിയെ ഈ വര്‍ഷം മെയ്‌മാസത്തില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായകമായതും അജിത് തയ്യാറാക്കിയ രേഖാചിത്രമായിരുന്നു. ഇതും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു. സര്‍വീസിലായിരുന്നെങ്കില്‍ ഒരു ഗുഡ് സര്‍വീസ് എന്‍ട്രിയോ ബാഡ്‌ജ് ഓഫ് ഓണറോ പ്രൊമോഷനോ ലഭിക്കേണ്ടതാണെങ്കിലും തന്‍റെ രേഖാചിത്രത്തിലൂടെ പ്രതിയെ കണ്ടെത്തുമ്പോഴുള്ള തൃപ്‌തി തന്നെയാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.
ഒരിക്കല്‍ ഏറെ അഭിമാനത്തോടെ ധരിച്ചിരുന്ന ആ കാപ്പിക്കുപ്പായത്തോട് ഇന്നും ബഹുമാനം പുലര്‍ത്തുന്നതിനാല്‍ ഇനിയും സേന ആവശ്യപ്പെട്ടാല്‍ ഈ സേവനം തുടര്‍ന്നും ചെയ്യാന്‍ സന്നദ്ധമാണെന്ന് അജിത് കുമാര്‍ പറയുന്നു. അതു കൊണ്ട് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് കാണാമറയത്തേക്ക് രക്ഷാപ്പെടാമെന്ന് ധരിക്കുന്നവര്‍ ഒന്നോര്‍ക്കുക, പെന്‍സിലുമായി അജിത് കുമാര്‍ ഇവിടെയുണ്ട്.