തിരുവനന്തപുരം:മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ജൂൺ 23ന് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ ആറ് ദിവസത്തെ സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിൽ ഉള്ള കേസാണ് ഇതെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യാവുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ല കോടതി എന്ന അധികാരം ഉപയോഗിച്ച് കുറ്റകൃത്യം പരിഗണിക്കാൻ ജില്ല സെഷൻസ് കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.