തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊലപെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. കൊല്ലം ചമ്പാൻതൊടി വീട്ടിൽ പ്രവീണിനാണ് കോടതി മൂന്ന് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ഭാവിയിൽ നടക്കാൻ പോകുന്ന വിചാരണയ്ക്കായി ഒരു പ്രതിയെ ജയിലിൽ കിടത്തുന്നത് നീതിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കഴിഞ്ഞ മാര്‍ച്ച് 6നായിരുന്നു കേസിനാസ്‌പദമായ സംഭവം. കാട്ടാക്കട സ്വദേശി ഗായത്രിയും പ്രവീണും ഒന്നിച്ചെത്തിയാണ് ഉച്ചയോടെ ഹോട്ടൽ ചോള സാമ്രാടിൽ മുറിയെടുത്തത്.
വൈകുന്നേരം മുറി പൂട്ടി പുറത്തുപോയ പ്രവീൺ തിരികെ വന്നില്ല. പുലർച്ചയോടെ റൂമിൽ ഒരാൾ ഉണ്ടെന്ന് ഹോട്ടലിൽ ഫോൺ സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.