തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിനെ നിശ്ചയിക്കുന്നതിന് മുന്നോടിയായുള്ള ജില്ലാ പ്രസിഡന്‍റുമാരുടെ പുനഃസംഘടനയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പക്ഷത്തിന് തിരിച്ചടി. 14 ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ ധാരണയായപ്പോള്‍ മുരളീധര പക്ഷത്തിന് നേടാനായത് നാല് ജില്ലകള്‍ മാത്രം. ഒമ്പത് ജില്ലകള്‍ നേടി പി.കെ കൃഷ്‌ണദാസ് വിഭാഗം വ്യക്തമായ മേല്‍കൈ നേടി.
ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ പുനഃസംഘടനയില്‍ മുരളീധര പക്ഷത്തിന് തിരിച്ചടി - മുരളീധര പക്ഷം
മുരളീധര പക്ഷത്തിന് നേടാനായത് നാല് ജില്ലകള്‍ മാത്രം. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരന്‍റെ വിശ്വസ്തന്‍ അശോകന്‍ കുളനട പ്രസിഡന്‍റ്
ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയേറ്റതോടെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുരളീധരന്‍ മുന്നോട്ടുവെച്ച കെ. സുരേന്ദ്രന്‍റെ സാധ്യത അനിശ്ചിതത്വത്തിലായി. ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ ഇടപെടലാണ് മുരളീധരന് തിരിച്ചടിയായതെന്നാണ് സൂചന. ജില്ലാ പ്രസിഡന്‍റുമാരെ ഉടന്‍ പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്ര നേതൃത്വം കടന്നു.
തിരുവനന്തപുരം - വി.വി രാജേഷ്, കൊല്ലം - കെ. ഗോപന്‍, മലപ്പുറം - രവി തേയ്‌ലത്ത്, പാലക്കാട് - പി. കൃഷ്‌ണദാസ് എന്നിവരാണ് മുരളീധര പക്ഷത്ത് നിന്നുള്ള ജില്ലാ പ്രസിഡന്‍റുമാര്‍. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരന്‍റെ വിശ്വസ്തന്‍ അശോകന്‍ കുളനട പ്രസിഡന്‍റാകും. ആലപ്പുഴ - എം. ഗോപകുമാര്‍, കോട്ടയം - എന്‍. ഹരി, എറണാകുളം- എം.എന്‍ വിജയന്‍, ഇടുക്കി - എം. അജിത്, തൃശൂര്‍ - കെ.കെ അനീഷ്, കണ്ണൂര്‍ - കെ. രഞ്ജിത്, കോഴിക്കോട് - വി.കെ സജീവന്‍, വയനാട് - സജി ശങ്കര്‍, കാസര്‍കോട് - രവീശതന്ത്രി കുണ്ടാര്‍ എന്നിവരാണ് കൃഷ്‌ണദാസ് വിഭാഗം ജില്ലാ പ്രസിഡന്‍റുമാര്‍. വി. മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന ബി.ജെ.പിയില്‍ സന്തുലനം നിലനിര്‍ത്തുന്നതിനാണ് കൃഷ്‌ണദാസ്, കുമ്മനം പക്ഷങ്ങള്‍ക്ക് അധിക പരിഗണന ലഭിച്ചതെന്നാണ് സൂചന.