തിരുവനന്തപുരം: മലപ്പുറം താനൂരിലെ പൂരപ്പുഴയെ ദുരന്ത പുഴയാക്കിയ ബോട്ട് അപകടത്തിന് പിന്നാലെ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയുടെ രണ്ടാം പ്രവചനവും ചര്‍ച്ചയാകുന്നു. കേരളത്തെ ഏറെ ഞെട്ടിക്കുന്ന ബോട്ട് അപകടമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ അതേ ഫേസ്‌ബുക്ക് പോസ്റ്റില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ രണ്ട് വരികള്‍ കൂടിയുണ്ടായിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണമായിരുന്നു അത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തെ നടുക്കിയ അദ്ദേഹത്തിന്‍റെ ആദ്യ പ്രവചനം യാഥാര്‍ഥ്യമായതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് ജനങ്ങളെ ഞെട്ടിച്ചുള്ള രണ്ടാം പ്രവചനവും സംഭവിച്ചിരിക്കുന്നത്. രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണം മൂലം സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഒരാള്‍ മരിക്കുമെന്നായിരുന്നു മുരളി തുമ്മാരുകുടിയുടെ പ്രവചനം.
മാസം തോറും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ ഇത്തരത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരത്തിലൊരു ദുരന്തമുണ്ടാകാന്‍ കാലതാമസമുണ്ടാകില്ലെന്നും മുരളി തുമ്മാരുകുടി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഏപ്രില്‍ ഒന്നിനാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം: 'എന്നാണ് കേരളത്തിൽ വലിയ ഒരു ഹൗസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്? പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻകൂർ പ്രവചിക്കുക എന്നതാണല്ലോ എന്‍റെ രീതി. അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുമ്പോള്‍ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു.
സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡ് അപകടത്തിൽ പെടും എന്ന് പ്രവചിക്കാൻ ജ്യോതിഷം വേണ്ട. ഒരു ഉദാഹരണം പറയാം. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.ഇപ്പോൾ, "ചില ഡോക്‌ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്" എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്‌താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.
അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം. ഒന്നിൽ കൂടുതൽ ആളുകളുടെ ജീവൻ പോകാൻ പോകുന്ന ഒരു അപകട സാധ്യതയെപ്പറ്റി ഇന്ന് പറയാം. അത് നമ്മുടെ ഹൗസ് ബോട്ട് ടൂറിസം രംഗത്തെ പറ്റിയാണ്. ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ടൂറിസം പ്രോഡക്‌ടാണ് ഹൗസ് ബോട്ട്. കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഇപ്പോൾ ഹൗസ് ബോട്ടുകൾ ഉണ്ട്. കേരളത്തില്‍ എത്ര ഹൗസ് ബോട്ടുകൾ ഉണ്ട്?ആ...?? ആർക്കും ഒരു കണക്കുമില്ല. ഒരു ടാക്‌സി വിളിക്കാൻ പോലും ഊബറും ഓലയും ഉള്ള നാട്ടിൽ കേരളത്തിലെ ഹൗസ്‌ബോട്ട് സംവിധാനങ്ങളെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിങ് സംവിധാനം ഇല്ലാത്തത്? പണ്ടൊക്കെ മദ്രാസിൽ ട്രെയിൻ ഇറങ്ങുമ്പോള്‍ ലോഡ്‌ജുകളുടെ ഏജന്‍റുമാർ പ്ലാറ്റ്‌ഫോം തൊട്ട് ഉണ്ടാകും.
ഇപ്പോൾ മൊബൈൽ ആപ്പുകൾ വന്നപ്പോൾ അവരെയൊന്നും എങ്ങും കാണാനില്ല. എന്നാൽ ആലപ്പുഴയിൽ ഹൗസ്ബോട്ട് ജെട്ടിയിലേക്ക് ഉള്ള വഴിയിൽ മൊത്തം ഇത്തരം ഏജന്‍റുമാരാണ്. ബോട്ടുകളുടെ ലഭ്യതയെപ്പറ്റി, റേറ്റിനെ പറ്റി, റേറ്റിങ്ങിനെ പറ്റി ഒക്കെ റിയൽ ടൈം ഇൻഫോർമേഷൻ നൽകാനുള്ള ഒരു ആപ്ലിക്കേഷൻ എന്തുകൊണ്ടാണ് ഒരു സ്റ്റുഡന്‍റ് പ്രോജക്‌ട് ആയി പോലും ഉണ്ടാകാത്തത്?പക്ഷെ എന്‍റെ വിഷയം അതല്ല. പലപ്രാവശ്യം ഹൗസ്‌ബോട്ടിൽ പോയിട്ടുണ്ട്, മനോഹരമാണ്. പക്ഷെ ഒരിക്കൽ പോലും ഹൗസ്‌ബോട്ടിൽ ചെല്ലുമ്പോള്‍ ഒരു സേഫ്റ്റി ബ്രീഫിങ് ലഭിച്ചിട്ടില്ല. ഈ ഹൗസ്ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷ പരിശീലനം നൽകിയിട്ടുണ്ടോ?