കേരളം

kerala

ETV Bharat / state

മുറജപം ജനുവരി 15ന് സമാപിക്കും - padmanabha temple

ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ഒരു ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്നതോടെയാണ് മുറജപം സമാപിക്കുക

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രം മുറജപം thiruvanathapuram padmanabha temple murajapam
മുറജപം ജനുവരി 15ന് സമാപിക്കും

By

Published : Jan 13, 2020, 12:42 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നുവരുന്ന മുറജപം അവസാന ഘട്ടത്തിലേക്ക്. മകര സംക്രാന്തി ദിനമായ ജനുവരി 15ന് ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ഒരു ലക്ഷം ദീപങ്ങള്‍ തെളിക്കുന്നതോടെ മുറജപം സമാപിക്കും. 56 ദിവസം ദൈര്‍ഘ്യമുള്ള മുറജപം നവംബര്‍ 21നാണ് ആരംഭിച്ചത്. മുന്‍ കാലങ്ങളില്‍ മണ്‍ചിരാതുകളില്‍ എണ്ണ നിറച്ചാണ് ദീപങ്ങള്‍ തെളിയിച്ചിരുന്നതെങ്കില്‍ ഇത്തവണ വൈദ്യുതി വിളക്കുകളും എണ്ണ വിളക്കുകളും ചേര്‍ത്താകും ഒരു ലക്ഷം ദീപങ്ങള്‍ തെളിയിക്കുക. ബ്രാഹ്മണ സമാജം, വനിതാ സമാജം, തിരുവോണ സമിതി, ഭക്തജന സഭ എന്നീ സംഘടനകളില്‍ നിന്ന് തെരഞ്ഞെടുത്ത 100 ഭക്തരെയാണ് എണ്ണ വിളക്കുകള്‍ തെളിയിക്കാനായി നിയോഗിച്ചിട്ടുള്ളത്. അരമണിക്കൂറിനുള്ളിലാകും എണ്ണ വിളക്കുകള്‍ മുഴുവന്‍ തെളിയിക്കുക.

മുറജപത്തിന്‍റെ പരിശീലന ദീപക്കാഴ്ച 14ന് നടത്തും. ജനുവരി 15ന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി അടുത്ത ദിവസവും ദീപം പ്രകാശിപ്പിക്കും. ലക്ഷദീപ ദിവസം ക്ഷേത്രമതിലകത്ത് 21,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഇതിനുള്ള പ്രത്യേക പാസുകളുടെ വിതരണം പൂര്‍ത്തിയായി. പുറത്തു നിന്നുമുള്ള ഭക്തര്‍ക്കും ലക്ഷദീപം കാണാന്‍ സൗകര്യമൊരുക്കും.

ആറ് വര്‍ഷത്തിലൊരിക്കലാണ് പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്. മുറജപത്തിന്‍റെ ഭാഗമായി മുടങ്ങിക്കിടന്ന ജലജപം പുനരാരംഭിക്കാനായതാണ് ഇത്തവണത്തെ മുറജപത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ആധുനിക തിരുവിതാംകൂറിന്‍റെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത് 1750ലാണ് ആദ്യ ലക്ഷദീപം നടന്നത്. നാല്‍പ്പത്തി അഞ്ചാം ലക്ഷ ദീപമാണ് ജനുവരി 15ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്നത്.

ABOUT THE AUTHOR

...view details