തിരുവനന്തപുരം:അമ്പത്താറ് ദിവസം നീണ്ടുനിന്ന മുറജപ സമാപനത്തിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. ക്ഷേത്രത്തിനകത്തും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇന്ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് മുറജപം സമാപിക്കുന്നത്. വൈകിട്ട് ആറിന് പ്രധാന ഗോപുരത്തിലും മറ്റു നടകളിലും വൈദ്യുത ദീപങ്ങൾ തെളിയും. 7.45 മുതൽ എണ്ണവിളക്കുകളും തെളിയിക്കും. 8.30 ന് ശീവേലി ആരംഭിക്കും.
മുറജപ സമാപനം; കനത്ത സുരക്ഷയൊരുക്കി പൊലീസ്
അമ്പത്താറ് ദിവസം നീണ്ടുനിന്ന മുറജപം ഇന്ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് സമാപിക്കുന്നത്.
അഞ്ച് മണി മുതൽ പാസ് കൈവശമുള്ളവർക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശിക്കാനാകുക. ഇവരെ ശീവേലി കഴിയും വരെ പുറത്ത് വിടില്ല. ഭക്തർക്ക് കുടിക്കാനുള്ള വെള്ളവും ക്ഷേത്രത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ സംഘത്തെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്ക് ക്രമാതീതമാകുമെന്നതിനാൽ വൈകിട്ട് മുതൽ ക്ഷേത്രത്തിൽ ദർശനവും അനുവദിക്കില്ല. കിഴക്കേ കോട്ടയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ 18 സ്ഥലങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.