തിരുവനന്തപുരം:ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന് വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനതലത്തിലും ജില്ല, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും സമിതികള്‍ രൂപീകരിക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം.
മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവര്‍ഗ, കായിക വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. സെപ്‌റ്റംബർ 22ന് സംസ്ഥാന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും ജില്ല കലക്‌ടര്‍ കണ്‍വീനറുമായി ജില്ലാതല സമിതി രൂപീകരിക്കും. ജില്ല ചുമതലയുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. സെപ്‌റ്റംബർ 21ന് സമിതി യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ അധ്യക്ഷന്‍മാരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് തദ്ദേശതല സമിതി.