തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാരുമായി യോജിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ രാവിലെ 11ന് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനിച്ചു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷിനോട് യോഗത്തില്‍ പങ്കെടുക്കാന്‍ മുല്ലപ്പള്ളി നിര്‍ദേശിച്ചു.
സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രന്‍ - mullappaly
കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ തന്നോട് ആലോചിക്കാതെ പ്രതിപക്ഷ നേതാവ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിലാണ് മുല്ലപ്പള്ളിയുടെ പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടതില്‍ മുല്ലപ്പള്ളി നീരസത്തിലായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ തന്നോട് ആലോചിക്കാതെ പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതിഷേധം. പൗരത്വ പ്രശ്‌നത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസിനും ഒരേ മനസ്സാണെങ്കിലും മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമൊപ്പം വേദി പങ്കിടുന്നതില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അണികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അണികളുടെ ഈ വികാരമാണ് മുല്ലപ്പള്ളി പ്രകടിപ്പിക്കുന്നത്.
ഉമ്മന്‍ചാണ്ടിയും വി.ഡി.സതീശനും മുസ്ലീം ലീഗും പ്രതിപക്ഷ നേതാവിന് പിന്തുണയുമായി എത്തിയിട്ടും മുല്ലപ്പള്ളി തന്‍റെ നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ല. യോജിച്ചുള്ള സമരത്തിനില്ലെന്നും ഇനിയങ്ങോട്ട് സ്വന്തം നിലയിലുള്ള സമരം നടത്തുമെന്നും മുല്ലപ്പള്ളിയും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും വ്യക്തമാക്കി. യോജിച്ചുള്ള സമരം എന്ന സി.പി.എം ചൂണ്ടയില്‍ യു.ഡി.എഫ് വീഴരുതെന്ന അഭിപ്രായവും കോണ്‍ഗ്രസിനുണ്ട്. ഏതായാലും മുല്ലപ്പള്ളിയുടെ ബഹിഷ്‌കരണത്തോടെ യു.ഡി.എഫിനെ ഒപ്പം കൂട്ടി പൗരത്വ പ്രതിഷേധവുമായി മുന്നോട്ടു പോകാമെന്ന സി.പി.എമ്മിന്‍റെ തന്ത്രത്തിനും തിരിച്ചടിയേറ്റിരിക്കുകയാണ്.