തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശവുമായി വീണ്ടും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദമായപ്പോൾ നിർവ്യാജം ഖേദ പ്രകടിപ്പിച്ചു. ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെയാണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. മുങ്ങിത്താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഓരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന സ്ത്രീയെയാണ് അണിയിച്ചൊരുക്കി തിരശ്ശീലയ്ക്ക് പിന്നിൽ ഒരുക്കി നിർത്തിയിരിക്കുന്നതെന്നായിരുന്ന മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവന.
സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; വിവാദമായപ്പോൾ ഖേദ പ്രകടനം - മുല്ലപ്പുള്ളി രാമചന്ദ്രന്‍
പീഡിപ്പിക്കപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കിൽ മരിക്കും. അല്ലെങ്കിൽ വീണ്ടും പീഡിപ്പിക്കപെടാതിരിക്കാതിരിക്കാൻ ശ്രമിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ മനസ്സിലാകാം. അത്തരത്തിൽ പീഡിപ്പിക്കപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കിൽ മരിക്കും. അല്ലെങ്കിൽ വീണ്ടും പീഡിപ്പിക്കപെടാതിരിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിവാദ സ്ത്രീ സംസ്ഥാനം മുഴുവൻ തന്നെ പീഡിപ്പിച്ചു എന്ന് പറയുകയാണ്. ഈ സ്ത്രീയെ പരാതിയുമായി മുന്നോട്ടു കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ബ്ലാക് മെയിൽ രാഷ്ട്രീയം നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന്‍റെ വഞ്ചന ദിനത്തോടനുബന്ധിച്ചുള്ള സത്യഗ്രഹ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
അതേസമയം പരാമർശം വിവാദമായതോടെ സമരവേദിയിൽ തന്നെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇടതു സർക്കാരിന്‍റെ ചെയ്തികളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നടത്തിയത്. അതിൽ ചില കേന്ദ്രങ്ങൾ ദുർവ്യാഖ്യാനം നടത്തുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ ആ വിശദീകരണം ആവശ്യമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.