തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് (Roshi Augustin) അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. മുല്ലപ്പെരിയാറിന്‍റെ (Mullaperiyar issue) ബേബി ഡാമിന് സമീപത്ത് നിന്ന് മരം മുറിക്കാന്‍ തമിഴ്‌നാടിന് (Tamilnadu) അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് തെറ്റിധാരണയുണ്ടാക്കുന്ന പ്രസ്‌താവന നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.
ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കുന്നതിന് അനുമതി നല്‍കിയത് നവംബര്‍ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണെന്നാണ് വനം മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. യോഗത്തിന്‍റെ മിനിട്‌സ് ഉദ്ധരിച്ചുകൊണ്ടാണ് വനം വകുപ്പ് മന്ത്രി നവംബര്‍ ഒന്നിന് ചേര്‍ന്നിരുന്നുവെന്ന് സമ്മതിച്ചത്. എന്നാല്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നവംബര്‍ ഒന്നാം തീയതി യോഗം ചേര്‍ന്നിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി ബുധനാഴ്‌ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
യോഗം നടന്നുവെന്ന് സഭയില്‍ വനം മന്ത്രി അംഗീകരിക്കുകയും മിനിട്‌സ് ഉദ്ധരിക്കുകയും ചെയ്‌തതിന് ശേഷം സഭയ്ക്ക് പുറത്ത് അതേ മന്ത്രിസഭയിലെ അംഗവും ജലവിഭവ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ മനപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.