തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി വിഷയത്തിൽ വനംവകുപ്പിനും ജലവിഭവ വകുപ്പിനും വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം. തിങ്കളാഴ്‌ച വിഷയത്തില്‍ അടിയന്തര പ്രമേയം ഉന്നയിച്ചപ്പോൾ ബേബി ഡാമിൽ സംയുക്ത പരിശോധന നടത്തിയില്ല എന്നായിരുന്നു വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയിൽ പറഞ്ഞത്.
എന്നാൽ ഇത് തെറ്റാണെന്ന രേഖകൾ പുറത്ത് വന്നിരുന്നു. ബേബി ഡാമിലെ സംയുക്ത പരിശോധന സംബന്ധിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സബ്‌മിഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് അടിയന്തര പ്രമേയത്തിലെ പരാമർശത്തിൽ തിരുത്തല്‍ ആവശ്യപ്പെട്ട് വനം മന്ത്രി എകെ ശശീന്ദ്രൻ കത്ത് നൽകിയതായി ചെയർ അറിയിച്ചു. ഇതിൽ പ്രതിപക്ഷനേതാവ് പ്രതിഷേധമറിയിച്ചു. നിയമസഭയുടെ അവകാശങ്ങളെ ലംഘിക്കുകയും കേരളത്തിന്‍റെ പൊതുനിലപാടിനെ തകർക്കുന്നതുമാണ് സർക്കാർ നിലപാടെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.