തിരുവനന്തപുരം: എല്ലാ തീരുമാനങ്ങളും രാഷ്ട്രീയ കാര്യ സമിതി വിളിച്ചു ചേർത്ത് എടുക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് സമരങ്ങൾ അവസാനിപ്പിച്ചത്. ഭയപ്പെട്ടു കൊണ്ട് സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന് പറയുന്നവർക്ക് തെറ്റി എന്നും മുല്ലപ്പള്ളി പറഞ്ഞു. കൂടിയാലോചന ഇല്ലെന്ന കെ.മുരളീധരന്‍റെ വിമർശനത്തിനാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
എല്ലാ തീരുമാനങ്ങളും രാഷ്ട്രീയ കാര്യ സമിതിയിലൂടെ എടുക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - aginst muralidharan
ഭയപ്പെട്ടു കൊണ്ട് സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന് പറയുന്നവർക്ക് തെറ്റി എന്നും മുല്ലപ്പള്ളി പറഞ്ഞു.
സംഘാനപരമായ കാര്യങ്ങൾ പറയാൻ പാർട്ടിയിൽ വേദിയുണ്ട്. അച്ചടക്കമുള്ള നേതാക്കൾ അതാണ് ചെയ്യേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെ പാർട്ടി സമര രംഗത്ത് നിൽക്കുമ്പോൾ അപശബ്ദങ്ങൾ ശരിയല്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതുണ്ട്. എംപിമാർക്ക് പരാതികൾ ഉണ്ടെങ്കിൽ അത് പാർട്ടിയിൽ പറയണം. നിഴൽ യുദ്ധം നടത്തുന്നത് ശരിയല്ല. കൂട്ടായ ചർച്ചകൾ നടക്കുന്നില്ല എന്ന മുരളീധരന്‍റെ നിലപാട് ശരിയല്ല. ദൗർഭാഗ്യകരമായ പരാമർശമാണതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുരളീധരന്‍റെ രാജി വാർത്ത അറിഞ്ഞത് പത്രങ്ങളിലൂടെ. പാർട്ടിയിൽ ആശയ വിനിമയത്തിന്‍റെ പ്രശ്നങ്ങൾ ഇല്ല. വ്യക്തിപരമായി മുരളീധരന് തനിക്കെതിരെ ഒരു പരാതിയും ഉണ്ടാകില്ല. പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ നടപടി എന്നത് ഒരു പരിഹാരമല്ല. സംസ്ഥാനത്തെ അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് നേതാക്കൾ ആലോചിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.