അധാർമിക രാഷട്രീയത്തിന്‍റെ നേതാവാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി - കെ എം മാണി
കെഎം മാണിയെ കടന്നാക്രമിച്ചതും ആക്ഷേപം ഉന്നയിച്ചതും സിപിഎമ്മും ഇടതുമുന്നണിയുമാണ്. ചരിത്രത്തിൽ ഇല്ലാത്ത വിധം ക്രൂരമായിട്ടാണ് സിപിഎം മാണിയെ വേട്ടയാടിയത്.
തിരുവനന്തപുരം: അധാർമിക രാഷട്രീയത്തിന്‍റെ തലപ്പത്തു നിൽക്കുന്ന നേതാവാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പറഞ്ഞ കാര്യങ്ങൾ തരാതരം മാറ്റിപ്പറയുന്നതിൽ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഒരു മടിയുമില്ല. കെഎം മാണിയെ കടന്നാക്രമിച്ചതും ആക്ഷേപം ഉന്നയിച്ചതും സിപിഎമ്മും ഇടതുമുന്നണിയുമാണ്. ചരിത്രത്തിൽ ഇല്ലാത്ത വിധം ക്രൂരമായിട്ടാണ് സിപിഎം മാണിയെ വേട്ടയാടിയത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പഴയകാല പ്രസ്‌താവനകളും വിഡിയോ ക്ലിപ്പുകളും പരിശോധിച്ചാൽ അത് വ്യക്തമാകും. കെഎം മാണി തെറ്റുകാരനാണെന്ന് കോൺഗ്രസ് ഇന്നും വിശ്വസിക്കുന്നില്ല. യുഡിഎഫിൽ കെഎം മാണിക്ക് രണ്ടു നീതിയാണെന്ന ആക്ഷേപം ശരിയല്ല. ഘടകകക്ഷികളെ മുന്നണിയിൽ നിന്നും പറഞ്ഞു വിടുന്ന നടപടി യുഡിഎഫിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കെ മുരളീധരൻ പാർട്ടി വിരുദ്ധമായ പ്രസ്‌താവന നടത്തിയെന്ന് വ്യാഖ്യാനിക്കാനാവില്ല. മധ്യകേരളത്തിൽ യുഡിഎഫിന്‍റെ ശക്തിക്ക് കോട്ടം തട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.