കേരളം

kerala

ETV Bharat / state

എം കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

എം കെ രാഘവനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം നാളെ. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്.

By

Published : Apr 19, 2019, 8:09 PM IST

എം കെ രാഘവന്‍

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. നിയമോപദേശം ഉടന്‍ നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. രാഘവനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനലിന്‍റെ ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്.

കോഴിക്കോട് നഗരത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ഹിന്ദി ചാനലിന്‍റെ പ്രതിനിധികള്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ഇടപാടിന് മധ്യസ്ഥം വഹിക്കുകയാണെങ്കില്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതിനോട് എം കെ രാഘവന്‍ അനുകൂലമായി പ്രതികരിക്കുന്നതാണ് വീഡിയോയിലുള്ളത്. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചെന്ന് ചാനല്‍ പ്രതിനിധികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് എം കെ രാഘവന്‍ പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് ഒളിക്യാമറ വിവാദം അന്വേഷിക്കണമെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ എം കെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു. പരാതി അന്വേഷിക്കാന്‍ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കാണിച്ച് എം കെ രാഘവനും പരാതി നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details