തിരുവനന്തപുരം: നവതി നിറവിലെത്തിയ മലയാളത്തിന്‍റെ മഹാ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് (M. T. Vasudevan Nair) ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) പ്രതിപക്ഷ നേതാവ് വിഡി സതീശനും (V. D. Satheesan). എം ടിയുടെ നവതി കേരളത്തിന്‍റെയാകെ അഭിമാനമുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്‌പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എം.ടിയ്‌ക്കുള്ളത്. സാഹിത്യകാരന്‍ എന്ന നിലയ്‌ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.
സാഹിത്യ രചനയോടൊപ്പം തന്നെ കേരളത്തിന്‍റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം ടി പരിശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് തുഞ്ചന്‍ സ്‌മാരക ട്രസ്റ്റിന്‍റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എം ടിയുടെ നേതൃത്വത്തില്‍ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പ് ഇന്ത്യന്‍ സാഹിത്യ ഭൂപടത്തില്‍ത്തന്നെ ശ്രദ്ധാകേന്ദ്രമായി.
അദ്ദേഹത്തിന്‍റെ സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളില്‍ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വര്‍ഗീയതയേയും എം ടി തന്‍റെ ജീവിതത്തിലുടനീളം കര്‍ക്കശ ബുദ്ധിയോടെ എതിര്‍ത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചന്‍ പറമ്പിന്‍റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചത് ഈ നിലപാടിന്‍റെ ബലം നമ്മെ ബോധ്യപ്പെടുത്തി.