തിരുവനന്തപുരം:രാജ്യത്തെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ മുന്നണി പോരാളിയുമായിരുന്നുഎംപി വീരേന്ദ്രകുമാർ. ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ പോരാട്ടത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം .
1936 ജൂലൈ 22 ന് കൽപ്പറ്റയിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ പത്മപ്രഭ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. കോഴിക്കോട് സാമൂതിരി കോളജ്, മദിരാശി വിവേകാനന്ദ കോളജ്, അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനില്‍ നിന്നും അംഗത്വം സ്വീകരിച്ചാണ് വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തുന്നത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വീരേന്ദ്രകുമാര്‍ 1987 ല്‍ കൽപ്പറ്റയിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ വരവില്‍ തന്നെ വനം മന്ത്രിയുമായി. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന ഉത്തരവിനെതുടര്‍ന്നായിരുന്നു രാജി. അങ്ങനെ ഏറ്റവും കുറഞ്ഞ സമയം മന്ത്രിയായിരുന്ന വ്യക്തിയായി വീരേന്ദ്രകുമാര്‍ മാറി.
തുടര്‍ന്ന് 1997 ല്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്. തൊഴില്‍ വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി, ധനകാര്യ സഹമന്ത്രി എന്നീ ചുമതലകള്‍ വഹിച്ചു. 2004 ല്‍ കോഴിക്കോട് നിന്നും വീണ്ടും ലോക്‌സഭാംഗമായി. 2017 ല്‍ യു.ഡി.എഫ് പ്രതിനിധിയായും 2018 ല്‍ എല്‍ഡിഎഫ് പ്രതിനിധിയായും രാജ്യസഭയിലെത്തി. കുറച്ചു കാലങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എന്നും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നിന്ന നേതാവായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് കണ്‍വീനറുമായിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ച് 2008 ല്‍ വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു.ഡി.എഫിലേക്ക്. ഇതിനിടെ ജനതാദള്‍(ഡെമോക്രറ്റിക്), ജനതാദള്‍ യുണൈറ്റഡിൽ ലയിച്ചു. എന്നാല്‍ നിധീഷ് കുമാര്‍ എന്‍.ഡി.എക്ക് ഒപ്പം ചേര്‍ന്നതോടെ ജെ.ഡി.യു വിട്ടു.
തുടര്‍ന്ന് യു.ഡി.എഫില്‍ നിന്നും വീണ്ടും തിരിച്ച് എല്‍ഡിഎഫിലേക്ക് എത്തി. രാജ്യസഭ സീറ്റ് നല്‍കിയാണ് എല്‍.ഡി.എഫ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്‍റിനെതിരായ സമരത്തിലുള്‍പ്പടെ പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ വീരേന്ദ്രകുമാര്‍ ഉണ്ടായിരുന്നു.
രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എഴുത്തകാരനും മികച്ച വാഗ്മിയും ആയിരുന്നു വീരേന്ദ്രകുമാര്‍. ഏറെ ശ്രദ്ധ നേടിയ ഹൈമതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണച്ചരടുകളും, ആത്മവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ബുദ്ധന്‍റെ ചിരി, ഡാന്യൂപ് സാക്ഷി തുടങ്ങി നിരവധി കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തി ദേവി പുരസ്‌കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി അംഗം, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു വരികയായിരുന്നു.