ഇടുക്കി:മനുഷ്യ - വന്യജീവി സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കലക്‌ടര്‍ ചെയര്‍പേഴ്‌സണായിട്ടുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും വനം വന്യജീവി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി. ഇടുക്കിയില്‍ വന്യജീവികളും ആളുകളും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് വരികയും ഇതുമൂലം നിരവധി മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വൈര്യ ജീവിതം സാധ്യമാക്കുക ലക്ഷ്യം:ചിന്നക്കനാല്‍ അടക്കമുള്ള മേഖലകളില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പ് പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കിയതിനൊപ്പമാണ് ജില്ല ഭരണകൂടത്തിന്‍റെ ഇടപെടല്‍. വനം വന്യജീവി വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം വിഷയം കൈകാര്യം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കിയത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ജനങ്ങളുടെ സ്വൈര്യ ജീവിതം സാധ്യമാക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗമായിട്ടുള്ള ഗ്രീന്‍കെയര്‍ കേരള ജില്ല ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു.