തിരുവനന്തപുരം:വടക്കഞ്ചേരി ടൂറിസ്റ്റ് ബസപകടത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ്, കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. അപകടത്തില്‍പ്പെട്ട ബസ് രൂപമാറ്റം വരുത്താന്‍ സഹായിച്ച വര്‍ക്ക്‌ഷോപ്പിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. ഇതിനായി പൊലീസില്‍ പ്രത്യേകം പരാതി നല്‍കും. ബസിന്‍റെ വേഗപ്പൂട്ട് സംവിധാനം നീക്കം ചെയ്‌ത വര്‍ക്ക്‌ഷോപ്പിനെതിരെയും പൊലീസ് നടപടി സ്വീകരിക്കും.
ക്രമക്കേട് നടത്തുന്ന ഉടമയ്‌ക്കെതിരെ മാത്രമല്ല, ഡീലര്‍മാര്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കുമെതിരെയും നടപടിയുണ്ടാകും. ടൂറിസ്റ്റ് ബസുകള്‍ നടത്തുന്ന നിയമലംഘനങ്ങളും രൂപമാറ്റവും കണ്ടെത്തിയാല്‍ കേന്ദ്ര നിയമപ്രകാരം 5,000 രൂപ മാത്രമാണ് ഇപ്പോള്‍ പിഴ. എന്നാല്‍ ഇനി മുതല്‍ ബസുകളില്‍ വരുത്തുന്ന ഓരോ രൂപമാറ്റങ്ങള്‍ക്കും ലൈറ്റുകളുടെ മാറ്റത്തിനും വെവ്വേറെ പിഴ ഈടാക്കുകയും പിഴ തുക 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തുകയും ചെയ്‌തതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.