തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുനിരത്തുകളിൽ ലൈൻ ട്രാഫിക് ലംഘനം നടത്തുന്നവർക്കെതിരെയും സുതാര്യമല്ലാത്തതും നിയമവിരുദ്ധമായി ഡിസൈൻ ചെയ്‌ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കുമെതിരെയും കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ട്രാഫിക് സിഗ്നൽ, ലൈൻ ലംഘനം നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ഈ മാസം 22 മുതൽ 25 വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടക്കുക.
നിയമലംഘനങ്ങള്‍ കോടതിയിലേയ്‌ക്ക്:തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തുന്നത്. റോഡുകളിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ സിഗ്നൽ നൽകാതെ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് കടക്കുന്നത്, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന സീബ്ര ക്രോസ് ലൈനിൽ വാഹനങ്ങൾ നിർത്തുന്നവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർ, ചുവപ്പ് സിഗ്നൽ ലംഘിക്കുന്നവർ, ക്യാരേജ് വേയിലൂടെ വാഹനങ്ങൾ ഓടിക്കാത്തവർ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്‌റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജേഷ് വി പറഞ്ഞു. ഗുരുതരമായ നിയമലംഘനങ്ങൾ കോടതിയിലേക്ക് വിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ 2000 രൂപ വരെ പിഴ ചുമത്തും. ട്രാഫിക് സിഗ്നൽ ലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി അടക്കം സ്വീകരിക്കും. ഇതിന് പുറമെ വാഹനങ്ങളിൽ സുതാര്യമല്ലാത്തതും നിയമവിരുദ്ധമായി ഡിസൈൻ ചെയ്‌ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.