തിരുവനന്തപുരം : സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പൊരുത്തക്കേട് സംഭവിച്ചെന്ന വാർത്തകളിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹന യാത്രികൻ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച നിയമ ലംഘനത്തിൽ ചലാൻ സൃഷ്‌ടിക്കപ്പെട്ടത് വാഹനം 1,240 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു എന്നായിരുന്നു. എന്നാൽ എഐ കാമറ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തുന്നില്ലെന്നും അതുകൊണ്ട് തന്നെ അമിത വേഗത്തിന് ചലാൻ ജനറേറ്റ് ചെയ്യുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പിന്‍റെ സെർവറിൽ നിന്നും നാഷണൽ ഇഫോർമാറ്റിക്‌സ് സെന്‍ററിന്‍റെ (എൻഐസി) സെർവറിലേക്ക് നിയമ ലംഘനങ്ങൾ അയച്ചപ്പോൾ ഉണ്ടായ സാങ്കേതിക കാരണങ്ങളാലാണ് ജനറേറ്റ് ചെയ്യപ്പെട്ട ചലാനിൽ തെറ്റായ വിവരങ്ങൾ വന്നത്. ഈ പിഴവ് കണ്ടെത്തിയപ്പോൾ തന്നെ എൻഐസിയുടെ ശ്രദ്ധയിൽപ്പെടുത്തി. തകരാർ ഉടനടി പരിഹരിച്ചു.
തെറ്റായ ഒരു ചലാൻ പോലും ഒരു കൺട്രോൾ റൂമിൽ നിന്നും അയച്ചിട്ടില്ല. എഐ കാമറ കൺട്രോൾ റൂമിൽ ജനറേറ്റ് ചെയ്യുന്ന ചലാനിൽ നിയമ ലംഘനം ഏതാണെന്നും, ഏത് ആക്‌ടിന്‍റെ പരിധിയിൽ വരുന്നുവെന്നും പെനാൽറ്റി എത്രയാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, എഐ കാമറകളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുന്നതിന് ഇന്ന് (ജൂണ്‍ 9) ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.
രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗത്തിൽ മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെൽട്രോൺ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങിയ ജൂൺ അഞ്ച് മുതൽ ഇതുവരെയുള്ള എഐ കാമറകളുടെ പ്രവർത്തനമാണ് അവലോകന യോഗത്തിൽ വിലയിരുത്തുക.