തിരുവനന്തപുരം:ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയം കാര്യോപദേശക സമിതി തള്ളി. കീഴ് വഴക്കങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. തീരുമാനത്തിൽ പ്രതിപക്ഷം രേഖാമൂലം എതിർപ്പ് അറിയിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള കള്ളക്കളിയാണ് പ്രമേയം തള്ളിയതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയം തിങ്കളാഴ്ച സഭയിലുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി - ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി
സർക്കാരും ഗവർണറും തമ്മിലുള്ള കള്ളക്കളിയാണ് പ്രമേയം തള്ളിയതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
![ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി Motion moved by opposition leader dismissed പ്രതിപക്ഷ പ്രമേയം ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5905890-thumbnail-3x2-cong.jpg)
ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ പ്രമേയം ഇന്നു രാവിലെ ചേർന്ന കാര്യോപദേശക സമിതിയാണ് ചർച്ച ചെയ്തത്. സർക്കാരിനു വേണ്ടി യോഗത്തിൽ മറുപടി നൽകിയ മന്ത്രി എ.കെ ബാലൻ പ്രധാനമായും നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റെ പ്രമേയം ചട്ടങ്ങൾക്ക് എതിരാണ്. ഗവർണർക്കെതിരെ പ്രമേയം അനുവദിക്കുന്നതിൽ കീഴ്വഴക്കമില്ല. സമയക്കുറവാണ് മറ്റൊരു കാരണം. കൂടാതെ ഇങ്ങനെയൊരു പ്രമേയം ജനങ്ങളിൽ ഗവർണറെ മഹത്വവത്കരിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി എ.കെ ബാലൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരള നിയമസഭ തന്നെ ഗവർണങ്ങൾക്കെതിരായ പ്രമേയം ഇതിനു മുൻപും കൊണ്ടുവന്നിട്ടുണ്ടെന്നും നിയമമന്ത്രി സ്പീക്കറെ ചോദ്യം ചെയ്യുകയാണെന്നും വ്യക്തമാക്കിയ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.
കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുമ്പോൾ വീണ്ടും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നൽകും.