തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടിൽ ചക്രശ്വാസം വലിക്കുന്ന വാട്ടർ അതോറിറ്റിക്ക് പണം കൊടുക്കാനുള്ളവരിൽ ജലവിഭവ വകുപ്പിലെ വിവിധ സ്ഥാപനങ്ങളും. ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ വിവിധ എഞ്ചിനീയർ ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ നിന്നും പ്രോജക്‌ട് ഓഫിസർമാരുടെ സ്ഥാപനങ്ങളിൽ നിന്നുമാണ് 70 ലക്ഷത്തിലധികം രൂപ കുടിശ്ശികയിനത്തിൽ പിരിച്ച് കിട്ടാനുള്ളത്. വാട്ടർ അതോറിറ്റിയിലെ സാമ്പത്തിക ഭദ്രതയ്ക്കായി വെള്ളക്കരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനിടെയാണ് കുടിശ്ശിക ഇനത്തിൽ ജല വിഭവ വകുപ്പിൽ നിന്ന് തന്നെ ലക്ഷങ്ങൾ തിരിച്ചുകിട്ടാനുണ്ടെന്ന കണക്ക് പുറത്തുവരുന്നത്.
70,53,975 രൂപയാണ് വിവിധ ജില്ലകളിലെ ജല വിഭവ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ളത്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന്‍റെ മലമ്പുഴ ഗാർഡൻ അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് 16 ലക്ഷം, നെടുമങ്ങാട് സെക്ഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് 14 ലക്ഷം, നെയ്യാറ്റിൻകര സെക്ഷൻ ജൂനിയർ എൻജിനീയർ ഓഫിസ് വക ഒമ്പത് ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മലമ്പുഴ സെക്ഷനിലെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നാണ് കൂടുതൽ തുക നൽകാനുള്ളത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വിവിധ ജല വിഭവ വകുപ്പ് ഓഫിസുകളും.
വാട്ടർ അതോറിറ്റിക്ക് കുടിശ്ശിക ഇനത്തിൽ ആകെ കിട്ടാനുള്ളത് 1591 കോടി രൂപയാണ്. അതിൽ 1200 കോടിയും നൽകാനുള്ളത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളാണ്. ഗാർഹിക-ഗാർഹികേതര കണക്ഷനുകളിൽ കുടിശ്ശികയിനത്തിൽ 235.88 കോടി രൂപയും ലഭിക്കാനുണ്ട്. വർധിപ്പിച്ച നിരക്കനുസരിച്ച് നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 120 രൂപയോളം അധികം നൽകേണ്ടി വരും.