തിരുവനന്തപുരം :കൊവിഡിന്‍റെ അതിതീവ്ര വ്യാപനശേഷിയുളള വൈറസ് വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി. കൊവിഡിന്‍റെ പുതിയ വകഭേദം സി.1.2 കണ്ടെത്തിയതിനെ തുടന്നാണ് മുന്‍കരുതലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
നിലവില്‍ എട്ട് രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും യാത്രക്കാരും എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.
ഇതിനുശേഷവും ഈ രാജ്യങ്ങളില്‍ നിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കാനും ചൊവ്വാഴ്‌ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
പുതിയ വകഭേദം അതിതീവ്ര വ്യാപന ശേഷിയുള്ളത്
അതിതീവ്ര വ്യാപന ശേഷിയുളളതാണ് പുതിയ വക ഭേദമായ സി.1.2. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഈ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
പിന്നീട് ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴ് രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണിത്.
ALSO READ:സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി COVID 19 ; 115 മരണം
കൊവിഡ് വാക്‌സിന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ വകഭേദമെന്ന് ശാസ്ത്ര ലോകത്തിന് സംശയമുണ്ട്. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.