കേരളം

kerala

ETV Bharat / state

കേരളത്തില്‍ കൂടുതല്‍ പോക്സോ കോടതികൾക്ക് അനുമതി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത്

പോക്സോ കോടതി വാർത്ത  പോക്സോ കോടതികൾക്ക് അനുമതി  സംസ്ഥാനത്ത് പുതിയ പോക്സോ കോടതി  posco courts kerala news  more pocso courts  kerala government
കേരളത്തില്‍ കൂടുതല്‍ പോക്സോ കോടതികൾക്ക് അനുമതി

By

Published : Nov 30, 2019, 5:22 PM IST

Updated : Nov 30, 2019, 6:11 PM IST

തിരുവനന്തപുരം:കേരളത്തില്‍ 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കി. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ പ്രവര്‍ത്തനം തുടങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത്. പുതിയ കോടതിക്കായുള്ള ചിലവില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നിര്‍ഭയ ഫണ്ടില്‍ നിന്ന് വഹിക്കും. ഒരു കോടതിക്ക് 75 ലക്ഷം രൂപയാണ് ചിലവ് വരിക. ഇതിന്‍റെ ആദ്യ ഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്ന് വീതവും കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും.
ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് കേരളത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായുമാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

പോക്സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് ഇതുവരെ പ്രത്യേക കോടതി നിലവിലുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം, എറണാകുളും, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതികളെ പോക്സോ കോടതിയായി മാറ്റി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മറ്റ് 11 ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതികളെ ചില്‍ഡ്രന്‍സ് കോര്‍ട്ടായി നോട്ടിഫൈ ചെയ്യുകയുമായിരുന്നു. എറണാകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കി മാറ്റുന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പോക്സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്സോ കോടതി സ്ഥാപിക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ കോടതിക്കായി മൂന്ന് തസ്തികകള്‍ സൃഷ്ടിക്കുകയും 10 ജീവനക്കാരെ പുനര്‍ വിന്യാസം മുഖേന നിയമിക്കുകയും ചെയ്തിട്ടുണ്ട്.

Last Updated : Nov 30, 2019, 6:11 PM IST

ABOUT THE AUTHOR

...view details