തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം എക്സൈസ് വകുപ്പില്‍ വീണ്ടും മാസപ്പടി വിവാദം. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഹോട്ടലുകളിൽ നിന്ന് നിർബന്ധപൂർവം മാസപ്പടി പിരിക്കുന്നുവെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ എക്സൈസ് മന്ത്രിക്കും വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകി.
എക്സൈസ് വകുപ്പില്‍ വീണ്ടും മാസപ്പടി വിവാദം
നടപടി ആവശ്യപ്പെട്ട് ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ എക്സൈസ് മന്ത്രിക്കും വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകി
പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഏരിയയിൽ വരുന്ന എക്സൈസ് ഉദ്യോഗസ്ഥർ പ്രദേശത്തെ 18 ഹോട്ടലുകളിൽ നിന്ന് 33,000 രൂപ വീതം 15 തവണയായി മാസപ്പടി പിരിച്ചുവെന്നാണ് മുഖ്യപരാതി. 12 തവണ മാസപ്പടിയായും 3 തവണ ഫെസ്റ്റിവൽ അലവൻസായുമാണ് പണം പിരിച്ചത്. ഇതിന് നേതൃത്വം കൊടുത്ത പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ, റേഞ്ച് ഇൻസ്പെക്‌ടർ, രണ്ട് റേഞ്ചിലെയും എക്സൈസ് സ്റ്റാഫുകൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് എക്സൈസ് മന്ത്രി, കമ്മിഷണർ, വിജിലൻസ് ഡയറക്‌ടർ എന്നിവർക്ക് നൽകിയ പരാതിയിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്‍റ് വി.സുനിൽകുമാർ ആവശ്യപ്പെട്ടു.
നാല് ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർ ബിസിനസ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത വിധം ബുദ്ധിമുട്ടിക്കുകയാണെന്ന് ഹോട്ടലുടമകൾ ആരോപിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ, ഇൻസ്പെക്‌ടർ എന്നിവർ വിലയിരുത്തിയ ഫയലുകൾ പോലും ചില എക്സൈസ് ഉദ്യോഗസ്ഥർ അനാവശ്യമായി വൈകിപ്പിക്കുന്നത് മാസപ്പടിക്ക് വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.