പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം; പ്രയോജനം 88 ലക്ഷം കുടുംബങ്ങൾക്ക്
വിതരണോദ്‌ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് സെപ്റ്റംബർ മുതൽ ഡിസംബർ വരെ പ്രതിമാസം നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടങ്ങി. 88 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ തുടങ്ങി എട്ട് ഇനങ്ങളാണ് കിറ്റിലുണ്ടാവുക. കൊവിഡ് കാലത്ത് അഭിമാന ബോധം കൊണ്ട് കഷ്‌ടസ്ഥിതി തുറന്നു പറയാത്ത ഇടത്തരക്കാരെ കൂടി കണക്കിലെടുത്താണ് നടപടിയെന്ന് വിതരണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭക്ഷ്യക്ഷാമ സാധ്യത മുൻകൂട്ടി കണ്ട് സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങൾ ഗുണം ചെയ്തു. 23,302 ഹെക്‌ടർ തരിശ് ഭൂമി കൃഷി യോഗ്യമായി. ഒരു കോടി ഫല വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതി ഫലപ്രദമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി അറിയിച്ചു.