തിരുവനന്തപുരം: ഇടവപ്പാതി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് തീരത്ത് ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടു കഴിഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്ന കാലവർഷം ഒരാഴ്ച വൈകിയാണ് കേരളത്തിലെത്തുന്നത്. ലക്ഷദ്വീപ് ഭാഗത്ത് രൂപപ്പെടാൻ ഇടയുള്ള അന്തരീക്ഷ ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ കണക്കുകൂട്ടുന്നു. കേരളത്തിന് പുറമേ തമിഴ്നാടിന്‍റെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജൂൺ 10ന് എറണാകുളം, മലപ്പുറം ജില്ലകളിലും ജൂൺ 11ന് എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും,12ന് എറണാകുളം, കോഴിക്കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പട്ട സ്ഥലങ്ങളിൽ 115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കും.