തിരുവനന്തപുരം :പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ലക്ഷ്‌മണിന്‍റെ പേരില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം.
'മോന്‍സണിനെതിരായ പരാതി അന്വേഷിക്കേണ്ട'
ആന്ധ്ര സ്വദേശിയായ ഒരു വ്യക്തിയെ ഐ.ജി ലക്ഷ്‌മണ്‍ മോന്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തുകയും ചില പുരാവസ്‌തുക്കളുടെ കച്ചവടം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു എന്ന പരാതിയിലാണ് ലക്ഷ്‌മണ്‍ ആരോപണ വിധേയനായത്. മോന്‍സണിനെതിരെ ലഭിച്ച പരാതി അന്വേഷിക്കേണ്ടെന്ന് ഒരു എസ്.എച്ച്.ഒയ്ക്ക് ലക്ഷ്‌മണ്‍ നിര്‍ദേശം നല്‍കിയെന്നും പരാതിയുണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ കണക്കിലെടുത്താണ് മോന്‍സണിന്‍റെ അറസ്റ്റിന് പിന്നാലെ ലക്ഷ്‌മണിനെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടത്.
ALSO READ:Actress Attack Case | 'ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കണം'; അന്വേഷണ സംഘം കോടതിയില്‍
1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്‌മണ്‍ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നേടാനിരിക്കെയായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ സസ്‌പെന്‍ഷനിലായത്. ഇതോടെ അദ്ദേഹത്തിന്‍റെ സ്ഥാനക്കയറ്റം സര്‍ക്കാര്‍ മരവിപ്പിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് ലക്ഷ്‌മണിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തെലങ്കാന സ്വദേശിയാണ് ഗുഗുലോത്ത് ലക്ഷ്‌മണ്‍. ട്രാഫിക് ഐ.ജിയായിരിക്കെയായിരുന്നു സസ്‌പെന്‍ഷന്‍.