ഹനുമാന്‍ കുരങ്ങിന്‍റെ ദൃശ്യം തിരുവനന്തപുരം:മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ഹനുമാൻ കുരങ്ങിനെ മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്ത് കണ്ടെത്തിയതായി അധികൃതർ. മ്യൂസിയത്തിന് സമീപം എൽഎംഎസ് പള്ളിക്കും മസ്‌ക്കറ്റ് ഹോട്ടലിനും അടുത്തായാണ് ഹനുമാൻ കുരങ്ങിനെ അധികൃതർ കണ്ടെത്തിയത്. കുരങ്ങിന്‍റെ ഓരോ ചലനവും നിരീക്ഷിച്ച് പിന്നാലെയുണ്ട് ജീവനക്കാർ.
തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഹനുമാൻ കുരങ്ങ് ജൂൺ 13നാണ് പരീക്ഷണാർഥം കൂട് തുറക്കുന്നതിനിടെ രക്ഷപ്പെട്ടത്. പെൺ ഹനുമാൻ കുരങ്ങാണ് കടന്നുകളഞ്ഞത്. തൊട്ടടുത്ത ദിവസം തിരികെയെത്തിയ കുരങ്ങ് മൃഗശാല വളപ്പിലെ കൂറ്റൻ മരത്തിന് മുകളിൽ തമ്പടിച്ചിരുന്നു.
ഇണയെ കാണിച്ചും ഇഷ്‌ട ഭക്ഷണങ്ങൾ നൽകിയും താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് ജൂൺ 17ന് വീണ്ടും കടന്നുകളഞ്ഞത്. കുരങ്ങിനെ കണ്ടെത്താൻ ജീവനക്കാർ ബൈനോക്കുലറിന്‍റെ സഹായത്തോടെ തെരച്ചിൽ നടത്തി വരുന്നതിനിടെയാണ് എൽഎംഎസ് പള്ളി, മസ്‌ക്കറ്റ് ഹോട്ടൽ പരിസരത്ത് നിന്ന് കണ്ടെത്തിയത്. നിലവിൽ കുരങ്ങിന്‍റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകളില്ലെന്നാണ് സൂചന.
മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് തിരുപ്പതി മൃഗശാലയിൽ നിന്ന് ഓരോ ജോഡി ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെയും ഹനുമാൻ കുരങ്ങുകളെയും തിരുവനന്തപുരത്ത് എത്തിച്ചത്. ഹനുമാൻ കുരങ്ങുകൾക്കൊപ്പം പ്രത്യേക വാഹനത്തിൽ റോഡ് മാർഗം കൊണ്ട് വന്ന സിംഹങ്ങളെ സന്ദർശക കൂട്ടിലേക്ക് മാറ്റി. സിംഹങ്ങൾക്ക് മന്ത്രി ജെ ചിഞ്ചുറാണി പേര് നൽകുകയും ചെയ്‌തു.
അഞ്ച് വയസുള്ള പെൺ സിംഹത്തിന് നൈല എന്നാണ് മന്ത്രി പേര് നൽകിയത്. ആറ് വയസുള്ള ആൺ സിംഹത്തിന്‍റെ പേര് ലിയോ എന്നാണ്. വെള്ള മയിൽ, രണ്ട് ജോഡി കാട്ടുകോഴി എന്നിവയേയും തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് ഉടൻ എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിദേശ രാജ്യങ്ങളിൽ നിന്നടക്കം പുതിയ മൃഗങ്ങളെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. എന്നാൽ ജിറാഫ്, സീബ്ര ഉൾപ്പെടെയുള്ള മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം. അതേസമയം കൂട് തുറന്ന് വിടുന്നതിനിടെ ഹനുമാൻ കുരങ്ങ് രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
മൃഗശാലയിൽ അവശേഷിക്കുന്ന ആൺ ഹനുമാൻ കുരങ്ങിനെ സന്ദർശക കൂട്ടിലേക്ക് മാറ്റിയിട്ടില്ല. ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് വെറ്ററിനറി ഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് ഇടിവി ഭാരതിനോട് പറഞ്ഞു. നിരീക്ഷണത്തിന് ശേഷമാകും സന്ദർശക കൂട്ടിലേക്ക് മാറ്റുക. ശേഷം പേര് നൽകുകയും ചെയ്യും.