കുരങ്ങിനെ പിടികൂടാന്‍ ശ്രമം തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ഇന്നലെ വൈകിട്ട് കൂട് തുറക്കുന്നതിനിടെ രക്ഷപ്പെട്ട ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലക്കുള്ളിൽ കാട്ടുപോത്തിൻ്റെ കൂടിന് സമീപത്തെ മരച്ചില്ലയിലാണ് അനിമൽ കീപ്പർമാർ ഹനുമാൻ കുരങ്ങിനെ കണ്ടത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
മൃഗശാലയിൽ പരീക്ഷണാർഥം കൂട് തുറക്കുന്നതിനിടെ രക്ഷപ്പെട്ട ഹനുമാൻ കുരങ്ങിനെ കണ്ടെത്തുന്നതിനായി വ്യാപക തെരച്ചില്‍ ആണ് നടത്തിയത്. ബുധനാഴ്‌ച രാവിലെ മുതൽ തന്നെ ജീവനക്കാർ നന്ദൻകോട് പരിസരത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. ബൈനോക്കുലറിന്‍റെ സഹായത്തോടെയാണ് ജീവനക്കാർ തെരച്ചിൽ നടത്തിയത്.
ഇന്നലെ (13.06.2023) വൈകിട്ട് നാല് മണിയോടെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങ് പരീക്ഷണാർഥം കൂട് തുറക്കുന്നതിനിടെ രക്ഷപ്പെട്ടത്. 3-4 വയസ് പ്രായമുള്ള പെൺ ഹനുമാൻ കുരങ്ങാണ് ഇത്. ഒരു ജോഡി ഹനുമാൻ കുരങ്ങുകളെയാണ് മൃഗശാലയിൽ എത്തിച്ചത്.
നാളെ (15.06.2023) പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശക കൂട്ടിലേക്കു മാറ്റാനും പേരിടാനും നിശ്ചയിച്ചിരിക്കെയായിരുന്നു ഹനുമാൻ കുരങ്ങ് രക്ഷപ്പെട്ടത്. പുതുതായി എത്തിച്ച ഒരു ജോഡി സിംഹങ്ങളെയും എമുവിനെയും നാളെ തന്നെ നന്ദർശക കൂട്ടിലേക്ക് മാറ്റുമെന്നും ഇവയുടെ പേരിടൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുമെന്നും എസ് അബു ഇടിവി ഭാരതിനോട് പ്രതികരിച്ചു.
അതേസമയം കൂടു തുറന്നു പരീക്ഷണം നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂട് തുറന്ന് പരീക്ഷണം നടത്തുമ്പോൾ സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റണം, കുരങ്ങ് മുകളിലേക്ക് ചാടി പോകാതിരിക്കാൻ നെറ്റ് കെട്ടണം, വെറ്ററിനറി ഡോക്‌ടർ മയക്കുവെടി വയ്ക്കുന്ന തോക്ക് കയ്യിൽ കരുതണം, ജീവനക്കാരെ മുഴുവൻ വിവരം അറിയിക്കണം. ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ജീവനക്കാരുടെ ഭാഗത്തു നിന്ന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ല എന്നും അതുകൊണ്ടുതന്നെ ജീവനക്കാരുടെ പേരിൽ നടപടി ഉണ്ടാകില്ലെന്നും എസ് അബു പറഞ്ഞു.
ഹനുമാൻ കുരങ്ങുകൾ പൊതുവേ ആക്രമണ സ്വഭാവം ഉള്ളവ അല്ല എന്നും അതുകൊണ്ടുതന്നെ ജാഗ്രത നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്കാണ് തിരുപ്പതിയിൽ നിന്നും പുതുതായി എത്തിച്ച ബാക്കിയുള്ള മൃഗങ്ങളെ സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതും പേരിടൽ ചടങ്ങ് നടത്തുന്നതും. ഇന്നലെ ഉണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ജീവനക്കാർ.
തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് വെള്ള മയിൽ, രണ്ടു ജോഡി കാട്ടുകോഴി എന്നിവയെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ മൃഗങ്ങളെ തലസ്ഥാനത്ത് എത്തിച്ചത്. ആറു പന്നിമാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നീ മൃഗങ്ങളെ ശ്രീ വെങ്കിടേശ്വര സുവോളജി പാർക്കിന് പകരമായി നൽകുകയും ചെയ്‌തിരുന്നു.
മെയ് 29നാണ് മ്യൂസിയം ആൻഡ് സൂ ഡയറക്‌ടർ എസ് അബു, സൂപ്രണ്ട് വി രാജേഷ് വെറ്ററിനറി ഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് എന്നിവർ അടങ്ങുന്ന സംഘം മൃഗങ്ങളെ കൊണ്ടുവരാനായി തിരുപ്പതിയിലേക്ക് തിരിച്ചത്. ജൂൺ 5നാണ് മൃഗങ്ങളെ പ്രത്യേകം സജ്ജമാക്കിയ ലോറിയിൽ റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിച്ചത്.