കാസര്‍കോട് : വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ആക്രമണം നടത്തുകയും തിരിച്ച് കാടുകയറുന്നതുമായ സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. എന്നാല്‍ കാസര്‍കോട്ടെ ബാരയില്‍ നാട്ടില്‍ പ്രവേശിച്ച് നിലയുറപ്പ് പ്രദേശവാസികളുടെ സ്വൈര്യം കെടുത്തുകയാണ് വാനരപ്പട. ഏതാണ്ട് മുന്നൂറോളം കുരങ്ങുകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഇവയുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ ഗ്രാമം. കുരങ്ങുകളെ പേടിച്ച് ഒന്നും കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
പച്ചക്കറി കൃഷി മുഴുവനായി നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്, തെങ്ങും കവുങ്ങുമാണ് ബാരയിലെ പ്രധാന വിളകള്‍. എന്നാല്‍ നല്ല രീതിയില്‍ വിളവെടുത്തിട്ട് വര്‍ഷങ്ങളായെന്ന് കര്‍ഷകര്‍ പറയുന്നു. 200 ഏക്കറിലധികമുള്ള കൃഷിയിടത്തില്‍ കുരങ്ങുകളുടെ വിളയാട്ടമാണ്. നാളികേരവും അടക്കയും മൂപ്പെത്തുന്നതിന് മുന്‍പ് തന്നെ നശിപ്പിക്കും. വര്‍ഷത്തില്‍ ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഇതിലൂടെ വരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇടവിളയായി കൃഷി ചെയ്യുന്ന വിവിധയിനം വാഴകളും ഇവ നശിപ്പിക്കുന്നു. ഈ ഇനത്തില്‍ മാത്രം വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.