തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കിണറുകളിലെ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് സഞ്ചരിക്കുന്ന ലാബെന്ന പദ്ധതിയുമായി ഭൂജലവകുപ്പ് (Mobile Water Testing Lab By Irrigation Department). ഭൂജലവകുപ്പിന് നാഷണല്‍ ഹൈഡ്രോളജി പ്രോജക്‌ട് മുഖേനെ ലഭിച്ച സഞ്ചരിക്കുന്ന ലബോറട്ടറി സൗകര്യം പ്രയോജനപ്പെടുത്തിയാണ് പദ്ധതി സൗജന്യമായി നടപ്പിലാക്കുന്നത്. ജല സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന ബ്ലോക്കുകളില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ ഒരു നിരീക്ഷണ കിണര്‍ എന്ന രീതിയിലാണ് കിണറുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ജല ഗുണനിലവാര പ്രശ്‌നമുള്ള ഓരോ ബ്ലോക്ക് കണ്ടെത്തി അവിടെ നിന്നുള്ള കിണറുകളിലെ ജലം പരിശോധിക്കാനുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്‌ച ഇടുക്കി മരിയാപുരം പഞ്ചായത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലുള്ള കിണറുകളെ പ്രത്യേകമായി നമ്പര്‍ ചെയ്‌ത് അടയാളപ്പെടുത്തി ജലം പരിശോധിച്ച് ഗുണനിലവാരം കണ്ടെത്തുകയാണ് ആദ്യപടി.