തിരുവനന്തപുരം: തിരുവല്ലം പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ്.ഐയെ സസ്പെൻഡ് ചെയ്ത് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസുകാരെ സിപിഎം സംരക്ഷിക്കുന്നു: ഹസൻ
നിയമലംഘനം നടത്തുന്ന പൊലീസുകാരെ സി.പി.എം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ക്രൂരമായ ലോക്കപ്പ് മർദനത്തിലാണ് സുരേഷ്‌കുമാറിന് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷന് നേരെ മുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. മർദനത്തെ തുടർന്ന് അവശനായ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്തിനെന്ന ചോദ്യം പ്രസക്തമാണ്.
തുടർച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങളിൽ പൊലീസ് കൈകെട്ടി നോക്കി നിൽക്കുന്നു. മണൽ മാഫിയ സംഘങ്ങൾക്കും ഗുണ്ടാസംഘങ്ങളും വേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം. വിൻസെന്‍റ് എം.എൽ.എയുടെ കാർ തകർത്ത സംഭവത്തിലും ശരിയായ അന്വേഷണം നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിനെ രാഷ്ട്രീയവത്കരിച്ച് നിഷ്ക്രിയമാക്കി. ലഹരി മാഫിയക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചക്കെതിരെ മാർച്ച് നാലിന് യു.ഡി.എഫ് കലക്ടറേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
READ MORE:പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു